കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും വിദ്യാഭ്യാസ അവാർഡ് വിതരണവും ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽനിന്ന് നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കലും നാളെ (ഞായർ) രാവിലെ 10ന് നടത്തും. ദേവഗിരി ഗുരുചൈതന്യ ഓഡിറ്റോറിയത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാനം ചെയ്യും. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിക്കും.

യൂണിയന് കീഴിലുള്ള ഇരുപത്താറ് ശാഖകളിൽ നിന്നായി എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ ഇരുന്നൂറ്റി അൻപതോളം കുട്ടികൾക്കും വേമ്പനാട്ടുകായൽ നീന്തിക്കയറിയ അഞ്ച് വയസുകാരൻ നീരജ്, യുവകവിക്കുള്ള ഒ എൻ വി പുരസ്കാരം നേടിയ അമൃത ദിനേശ്, ലഡാക്കിന് സൈക്കിൾചവിട്ടി വിജയിച്ച അജയ് ഷാജി, സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ പി.പി. അജിമോൻ, ബി.എസ്‌സി ബോട്ടണിയിൽ നാലാംറാങ്ക് നേടിയ ആഷ്മി ഷൈജൻ, സകലകലാവല്ലഭൻ പുരസ്കാരം നേടിയ അരുൺ ഗിന്നസ് എന്നിവരെ ആദരിക്കും.

സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ, കൗൺസിൽ അംഗങ്ങളായ പി.വി.വാസു, ടി.ജി അനി, എം.വി.രാജീവ്, സി.വി. വിജയൻ, കെ.വി. ബിനു, യൂത്ത് മൂവ്മെന്റ് പ്രസിഡന്രറ് എം.ബി. തിലകൻ, സെക്രട്ടറി പി. ബിജി, വനിതാസംഘം പ്രസിഡന്റ് ഇൻചാർജ് സതി ഉത്തമൻ, സെക്രട്ടറി മിനി രാജീവ്, സൈബർസേന സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ചന്ദ്രബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് നിമേഷ് ശാന്തി, സെക്രട്ടറി ബൈജു ശാന്തി തുടങ്ങിയവർ പ്രസംഗിക്കും.