കൊച്ചി: കയർപെരുമയിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ പൂത്തോട്ട കയർ സഹകരണ സംഘം രണ്ടാം വരവിനായി പോരാടൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. 600 ഓളം കയർത്തൊഴിലാളി കുടുംബങ്ങളാണ് സംഘത്തിന്റെ പുനർജന്മം കാത്തിരിക്കുന്നത്.
2008 ൽ ഉത്പന്നങ്ങൾ സർക്കാർ ഏറ്റെടുക്കാതായതോടെ സ്തംഭിച്ച സംഘം കാടുകയറി നശിച്ചു. നാലടി വീതിയും 60 അടി നീളവുമുള്ള മുന്തിയ ഇനം കയറ്റുപായ നിർമ്മിക്കാൻ സാധിക്കുന്ന നിരവധി ആധുനികയന്ത്രങ്ങളും 100 യന്ത്രത്തറികളും ഉൾപ്പെടെ രണ്ടു കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളാണ് നശിക്കുന്നത്. രണ്ടിടങ്ങളിലായി ഓഡിറ്റോറിയം ഉൾപ്പെടെ 3 ഏക്കർ വിസ്തൃതിയിൽ കെട്ടിടങ്ങളും നശിച്ചു. 14 വർഷത്തിനിടെ സഹകരണസംഘവും ഫാക്ടറിയും അടച്ചുപൂട്ടാൻ ഇടയായ സാഹചര്യം പരിശോധിക്കാനോ തുറന്നുപ്രവർത്തിപ്പിക്കാനോ യാതൊരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സ്ഥിരം ജീവനക്കാരായിരുന്ന തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് 2015 വരെ എല്ലാ ഓണക്കാലത്തും 3000 രൂപവീതം എക്‌സ്‌ഗ്രേഷ്യാ നൽകിയിരുന്നു. പിന്നീട് അതും ഇല്ലാതെയായി. മന്ത്രി പി. രാജീവ്, കൊടിയേരി ബാലകൃഷ്ണൻ എന്നിവർ ഫാക്ടറി തുറക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടപടികളുണ്ടായില്ല. കയർ പ്രൊജക്ട് ഓഫീസിലെ ഉദ്യോഗസ്ഥർ ഇരുവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സംഘത്തിലെ സ്ഥാപക അംഗങ്ങൾ പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥ സംഘത്തിന്റെ രേഖകൾ കൈക്കലാക്കി നശിപ്പിച്ചതിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു.
കാടുപിടിച്ച ഫാക്ടറി
ഏക്കറുകളോളം വരുന്ന ഫാക്ടറി കാടുപിടിച്ച് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഒപ്പം പാമ്പിന്റെയും മറ്റ് ഇതര ക്ഷുദ്രജീവികളുടെയും താവളമാണിവിടം. സാമൂഹിക വിരുദ്ധരടെ ശല്യവുമുണ്ട്. ഓഫീസ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ച് അകത്തുകയറി എ.സിയും പിച്ചളയിൽ നിർമ്മിച്ച പലവിധ അവാർഡുകളും മോഷ്ടിക്കപ്പെട്ടു. 1996ൽ കെ. കരുണകാരൻ കേന്ദ്രവ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് യന്ത്രവത്കൃത കയർപിരി യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിന്റെ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുൻമന്ത്രിമാരായ സുശീല ഗോപാലനും കെ.ആർ. ഗൗരി അമ്മയും പൂത്തോട്ട കയർവ്യവസായ സഹകരണ സംഘത്തിന് നൽകിയിട്ടുള്ള പിന്തുണ ചെറുതായിരുന്നില്ല.
പ്രൊജക്ട് ഓഫീസിലെ ഉദ്യോഗസ്ഥരുടെ വാശിയാണ് പൂത്തോട്ട കയർ സഹകരണത്തിന്റെ നാശത്തിന് കാരണം. സംഘത്തിന്റെ പ്രവർത്തനം പുന:രാരംഭിക്കാൻ സർക്കാർ തയ്യാറാകണം. അനുമതി ലഭിച്ചാൽ അത്യാധുനിക യന്ത്രങ്ങൾ സ്ഥാപിച്ച് സംഘം പ്രവർത്തന സജ്ജമാക്കും.
എം.പി. നാരായണദാസ്,
സ്ഥാപക പ്രസിഡന്റ്,
പൂത്തോട്ട കയർവ്യവസായ സഹകരണ സംഘം