ആലുവ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആലുവ നഗരസഭാ പ്രദേശത്തെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഇന്ന് മുതൽ 15 വരെ ദേശീയ പതാക ഉയർത്തും. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചതാണ് ഇക്കാര്യം.
നഗരസഭയുടെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ വീടുകളിൽ ഉയർത്തുന്നതിനുള്ള ദേശീയ പതാകകൾ വിതരണം ചെയ്യും. ഇന്ന് രാവിലെ ഉയർത്തുന്ന പതാക 15ന് വൈകിട്ട് വരെ താഴ്‌ത്തേണ്ടതില്ല. കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽ പാളിയിലോ ബാൽക്കണിയിലോ ഫ്‌ളാഗ്‌കോഡിന് അനുസൃതമായി ദേശീയ പതാക പ്രദർശിപ്പിക്കാം.15ന് രാവിലെ 8.15 ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ തുടങ്ങും. 8.30ന് മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ ദേശീയ പതാക ഉയർത്തും. ഒമ്പതിന് നിശ്ചലദൃശ്യങ്ങൾ, ബാന്റ് മേളം എന്നിവയുടെ അകമ്പടിയോടെ സെന്റ് മേരീസ് ഹൈസ്‌കൂൾ മൈതാനിയിൽ നിന്ന് റാലി ആരംഭിച്ച് റെയിൽവേ, പമ്പ് ജംഗ്ഷൻ വഴി മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ സമാപിക്കും. 1947 ആഗസ്റ്റ് 15ന് ജനിച്ച ആലുവ നഗരസഭ പ്രദേശത്തെ സ്ഥിരതാമസക്കാരെ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആദരിക്കും.