കൊച്ചി: മാവേലിക്കര താലൂക്ക് സർവീസ് സഹകരണബാങ്കിലെ 38 കോടിരൂപയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കും അന്നത്തെ മാനേജിംഗ് കമ്മിറ്റിഅംഗങ്ങൾക്കുമെതിരെ സ്വീകരിച്ച നിയമനടപടികൾ വ്യക്തമാക്കി ജോയിന്റ് രജിസ്ട്രാർ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസിൽ മാവേലിക്കര അസിസ്റ്റന്റ് രജിസ്ട്രാർ സ്വീകരിച്ച റിക്കവറി നടപടികളുൾപ്പെടെ അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയുടെ ഉത്തരവില്ലാതെ മാനേജിംഗ് കമ്മിറ്റിഅംഗങ്ങൾ ബാങ്കിൽനിന്ന് വേതനം കൈപ്പറ്റരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മാവേലിക്കര താലൂക്ക് സർവീസ് സഹകരണബാങ്കിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ ടി.ആർ. ഇന്ദ്രജിത്ത്, ജി. സന്തോഷ് കുമാർ തുടങ്ങിയ ജീവനക്കാർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. സഹകരണബാങ്കിലെ തട്ടിപ്പുകേസിൽ സമഗ്രറിപ്പോർട്ട് നൽകാൻ സർക്കാർ സമയംതേടിയതിനെത്തുടർന്ന് ഹർജി ആഗസ്റ്റ് 22ന് വീണ്ടും പരിഗണിക്കും.
തട്ടിപ്പു കേസുകളിൽ ഉചിതമായ നടപടി വേഗത്തിലുണ്ടായില്ലെങ്കിൽ തട്ടിപ്പ് തുടർന്നുകൊണ്ടേയിരിക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ തട്ടിപ്പു 2016 ലാണ് പുറത്തുവന്നത്. ആറുവർഷം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ എന്ത് നടപടിയെടുത്തുവെന്നതിന് രേഖകളൊന്നുമില്ലെന്നും സഹകരണബാങ്ക് നൽകിയ ആർബിട്രേഷൻ കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നും രേഖകളിലില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. തുടർന്നാണ് ജോയിന്റ് രജിസ്ട്രാർ സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ചത്.