
പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ 168-ാം ശ്രീനാരായണ ജയന്തി ആഘോഷങ്ങൾ ഇന്ന് പതാകദിനത്തോടെ തുടങ്ങും. യൂണിയന് കീഴിലെ 72 ശാഖാ യോഗങ്ങളിലും ശ്രീനാരായണ കുടുംബ യൂണിറ്റ്, എം.എഫ്.ഐ യൂണിറ്റ് തുടങ്ങി നൂറുകണക്കിന് കേന്ദ്രങ്ങളിലും രാവിലെ പീതപതാക ഉയർത്തും. യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ഗുരുദേവകൃതികളെ ആസ്പദമാക്കിയുള്ള കലാസാഹിത്യ മത്സരങ്ങൾ ശാഖാതലത്തിൽ 14നും മേഖലാതലത്തിൽ 21നും യൂണിയൻ തലത്തിൽ 27, 28 തിയതികളിലും നടക്കും. ശ്രീനാരായണ ദിവ്യജ്യോതി പര്യടനം 31ന് വൈകിട്ട് അഞ്ചരയ്ക്ക് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. കലാസാഹിത്യ മത്സരങ്ങളുടെ സമ്മാനദാനവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും യോഗം കൗൺസിലർ ഇ.എസ്. ഷീബ നിർവഹിക്കും. യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി തുടങ്ങിയവർ സംസാരിക്കും. പര്യടനത്തിനുള്ള ദിവ്യജ്യോതി ഉച്ചയ്ക്ക് രണ്ടിന് ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് സ്വാമി ധർമ്മചൈതന്യ ജ്വലിപ്പിച്ച് യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണന് കൈമാറും. തുടർന്ന് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഡ്വ. പ്രവീൺ തങ്കപ്പന്റെ നേതൃത്വത്തിൽ നിരവധി വാഹങ്ങളുടെ അകമ്പടിയിൽ യൂണിയൻ ആസ്ഥാനത്ത് എത്തിക്കും. സെപ്തംബർ ഒന്ന് മുതൽ അഞ്ച് വരെയാണ് ദിവ്യജ്യോതി പര്യടനം. ശ്രീനാരായണ ജയന്തിദിനമായ പത്തിന് ജനസഹസ്രങ്ങൾ പങ്കെടുക്കുന്ന ജയന്തിദിന ഘോഷയാത്ര വൈകിട്ട് മൂന്നിന് പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിക്കും. അഞ്ചരയ്ക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ജയന്തി സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി, ഇ.എസ്. ഷീബ, ടി.വി. നിഥിൻ, ഹരി വിജയൻ, ഷൈജു മനയ്ക്കപ്പടി തുടങ്ങിയവർ സംസാരിക്കും.