തൃപ്പൂണിത്തുറ: ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്തെവരുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചു വച്ച ബി.പി.സി.എൽ മാനേജ്മെന്റിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ പ്രചരണാർത്ഥം കൊച്ചി റിഫൈനറി ഡ്രം പ്ലാന്റ് ഗേറ്റിൽ പ്രതിഷേധയോഗം ചേർന്നു. ബി.പി.സി.എല്ലിൽ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം സതംഭിപ്പിച്ചുകൊണ്ടാണ് 18 മുതൽ 20 വരെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സി.ജെ മാർട്ടിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.ഐ.ടി.യു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. എം.പി ഉദയൻ, അജി എം.ജി, ടി.ആർ വിശ്വപ്പൻ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു. കൊച്ചി റിഫൈനറി തൊഴിലാളികളുടെ എട്ടു ദിവസത്തെ ശമ്പളം പിടിച്ചതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള സമരപരിപാടികളുടെ പശ്ചാത്തലത്തിൽ 16ന് മന്ത്രി പി. രാജീവും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്ത് മാനേജ്മെന്റ് പ്രതിനിധികളുടെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും യോഗം തീരുവനന്തപുരത്ത് ചേരും.