roshan-mathew

ആലുവ: ആലുവ രാജഗിരി ഹോസ്‌പിറ്റലിൽ ലോക അവയവദാനദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'നവജീവൻ' പദ്ധതി ചലച്ചിത്രതാരം റോഷൻ മാത്യു ഉദ്ഘാടനം ചെയ്തു. 61 വയസുകാരിയായ രാധാമണിയിൽ നിന്ന് കരൾ സ്വീകരിച്ച അഞ്ച് വയസുകാരൻ ധീരജിന് സ്‌നേഹസമ്മാനം നൽകിയായിരുന്നു ഉദ്ഘാടനം.

രാജഗിരി ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്കും അവരുടെ ദാതാക്കൾക്കും മരണമടഞ്ഞ ദാതാക്കളുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ഇളവുകൾ നൽകുന്ന പദ്ധതിയാണ് നവജീവൻ. മരിച്ച ദാതാക്കളുടെ കുടുംബാംഗങ്ങളേയും ജീവിച്ചിരിക്കുന്ന ദാതാക്കളേയും ആദരിച്ചു.
ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി, ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. രാമചന്ദ്രൻ നാരായണ മേനോൻ, ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. സച്ചിൻ ജോർജ് എന്നിവർ പങ്കെടുത്തു.