കോലഞ്ചേരി: മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയാക്കുന്ന പദ്ധതിയുടെ ഭാഗമായി വീട്ടൂർ മേഖലയിൽ വനം വകുപ്പിന്റെ അധീനതയിലെ സ്ഥലത്ത് സർവെ പുനരാരംഭിക്കാൻ നടപടിയായി. പൊതുമരാമത്ത് മന്ത്രി വനം മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ദീർഘകാലത്തെ ആവശ്യമായ റോഡിന്റെ സർവെ നടപടി തുടങ്ങുന്നത്. വനം വകുപ്പിന്റെ സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് നിലനിന്ന അനിശ്ചിതത്വം ഇതോടെ മാറി.
റോഡിനെ സംബന്ധിച്ച് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനായി പ്രശ്നം ഉന്നയിച്ചിരുന്നു. തുടർന്നാണ് അടിയന്തര ഇടപെടലുകളുണ്ടായത്. ഹൈറേഞ്ചിൽ നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേയ്ക്കുള്ള റോഡ് കിഴക്കമ്പലത്ത് തങ്കളം-കാക്കനാട് നാലുവരിപ്പാതയുമായി ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികളുടെ പ്രാരംഭഘട്ടം ഇതോടെ അവസാനിക്കും. മൂവാറ്റുപുഴ-കാക്കനാട് പാത നാലുവരിയാക്കുന്നതിന് കിഫ്ബി പദ്ധതിയിൽപ്പെടുത്തി നൽകിയ ഭരണാനുമതി രണ്ട് വർഷത്തേക്കുകൂടി പുതുക്കിയിരുന്നു. കെ. ആർ.എഫ്.ബി – പി.എം.യു വിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. വനംവകുപ്പിന്റെ ഭൂമിയിലൂടെയും റോഡ് കടന്നുപോകുന്നതിനാൽ വീട്ടൂർ ടിംബർ ഡിപ്പോ ഉൾപ്പെടുന്ന വനഭൂമിയിൽ ലെവൽസ് എടുക്കുന്നതിന് സർവേ നടത്താൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് അനുമതി നൽകേണ്ടിയിരുന്നത്. വനം വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അംഗീകരിച്ച അലൈൻമെന്റും ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടും നേരത്തെ കൈമാറിയിരുന്നു. വനം വകുപ്പിൽ നിന്ന് അനുമതി ലഭിച്ചതോടെ വനഭൂമിയിലെ ലെവൽസ്, ഇൻവെസ്റ്റിഗേഷൻ വിഭാഗം തയാറാക്കും. അതിനുശേഷം വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി ഡിസൈൻ വിഭാഗത്തിന് നൽകും. പാത പൂർത്തിയായാൽ മൂവാറ്റുപുഴ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ വാഹനത്തിരക്കിൽപ്പെടാതെ എറണാകുളം നഗരത്തിൽ എത്താനാകും.