തൃക്കാക്കര: ദേശീയ പതാകയുടെ പേരിൽ പണം ഈടാക്കാനുള്ള നടപടിയുമായി ഭരണ പക്ഷം രംഗത്തെത്തിയതോടെ തൃക്കാക്കര നഗരസഭാ കൗൺസിലിൽ ബഹളം. നടപടി പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവ് എം.ജെ. ഡിക്സൺ പറഞ്ഞു. 28 രൂപ വെച്ച് വാർഡിൽ 400 പതാക വിൽക്കണമെന്ന നഗരസഭയുടെ സർക്കുലർ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈഫ് മിഷൻ പദ്ധതിയിലെ വാർഡ് സഭകളുടെ അംഗീകാരം ലഭിച്ച കരട് ഉപഭോക്ത പട്ടിക അംഗീകരിക്കുന്നതിന് വേണ്ടി ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് വാക്കേറ്റത്തിൽ കലാശിച്ചത്.
ദേശീയ പതാകയ്ക്ക് ചെലവ് വരുന്ന തുക നഗരസഭയുടെ പൊതു ഫണ്ടിൽ നിന്ന് എടുക്കുന്നതിന് കുറിച്ച് ചെയർപേഴ്സൺ സെക്രട്ടറിയുടെ നിയമപദേശം തേടിയതോടെയാണ് ബഹളം ആരംഭിച്ചത്. അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങളിൽ മറുപടി പറയാൻ കഴിയില്ലെന്ന് സെക്രട്ടറി കൗൺസിലിനെ അറിയിച്ചു. ചെയർപേഴ്സന്റെ ചോദ്യങ്ങൾക്ക് സെക്രട്ടറി മറുപടി പറയുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ രംഗത്ത് വന്നു. സെക്രട്ടറിയെ ഒരു നിമിഷം കൗൺസിൽ ഇരുത്താൻ കഴിയില്ലെന്നും ഇറക്കി വിടണമെന്നും കൗൺസിലർമാരായ റാഷിദ് ഉള്ളംപ്പള്ളിയും സി.സി. ബിജുവും ആവശ്യപ്പെട്ടു. പൊതുഫണ്ട് ഉപയോഗിച്ച് ദേശീയ പതാക വിതരണം ചെയ്യാൻ സാധിക്കില്ലെന്ന് സെക്രട്ടറി സഭയെ അറിയിച്ചു. ഇന്നലെ രാവിലെ ചേർന്ന മോണിറ്ററി കമ്മിറ്റിയിൽ ചെയർപേഴ്സനോട് ഇത് പറഞ്ഞിരുന്നുവെന്നും സെക്രട്ടറി പറഞ്ഞു.
സെക്രട്ടറിയെ പിന്തുണയുമായി പ്രതിപക്ഷത്തോടൊപ്പം വൈസ് ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി രംഗത്തെത്തിയതോടെ നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പനും വൈസ് ചെയർമാനുമായി വാക്കേറ്റമുണ്ടായി. സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു പറഞ്ഞു. കൗൺസിലർമാർ പതാക വിതരണം ഏറ്റെടുക്കില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു.