പറവൂർ: മൂത്തകുന്നം ഗവ. എൽ.പി.ബി സ്കൂളിൽ കർക്കടക മാസത്തെ അറിവുകൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിന് കർക്കടക വിഭവങ്ങളുടെയും ഔഷധസസ്യങ്ങളുടെയും പ്രദർശനം നടന്നു. വിവിധയിനം ഔഷധക്കഞ്ഞികൾ, ഔഷധ പായസങ്ങൾ, ആവിയിൽ പുഴുങ്ങിയ ഭക്ഷണവിഭവങ്ങൾ, ഔഷധച്ചമ്മന്തികൾ, ഇലക്കറികൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവാണ് പ്രദർശനത്തിന് ഒരുക്കിയത്. കർക്കടക ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് മീനാകുമാരി ക്ളാസെടുത്തു. എസ്.എം.സി ചെയർപേഴ്സൺ പ്രീതു സുലിൽലാൽ, ആശ സോമൻ എന്നിവർ സംസാരിച്ചു.