
തൃപ്പൂണിത്തുറ: ജോയിന്റ് ആർ.ടി.ഒ, എക്സൈസ്, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കൃഷിഭവൻ, മൈനർ ഇറിഗേഷൻ ഓഫീസ്, ലാൻഡ് ട്രിബ്യൂണൽ ഓഫീസ്, ജില്ലാ മജിസ്ട്രേറ്റ് കോടതി, താലൂക്ക് വ്യവസായ ഓഫീസ് എന്നുവേണ്ട 18 സർക്കാർ ഓഫീസുകൾ. 250 ലേറെ ജീവനക്കാർ. അതിൽ 80 ശതമാനത്തിലേറെ വനിതകൾ. ക്ഷീര വികസന ഓഫീസിൽ വനിതാ ജീവനക്കാർ മാത്രം. ദിവസവും ആയിരക്കണക്കിന് സന്ദർശകർ. പക്ഷേ മൂന്ന് നിലകളുള്ള മിനി സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒരു തുള്ളി വെള്ളം പോലും ഇല്ല.
ആകെയുള്ള കിണർ എന്ന് പറയാവുന്ന കുളത്തിൽ നിന്ന് വെള്ളം മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന മോട്ടോർ മൂന്നുദിവസം മുമ്പേ പ്രവർത്തനം നിലച്ചു. കുടിവെള്ളത്തിന്റെ സംവിധാനം ആദ്യമേ ഇല്ല. ടോയ്‌ലറ്റിൽ വെള്ളമില്ലാത്തതിനാൽ വനിതാ ജീവനക്കാർക്ക് തൊട്ടടുത്തുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ ടോയ്ലറ്റ് സൗകര്യമാണ് ഏക ആശ്രയം. ചില വനിതാ ജീവനക്കാർ തങ്ങളുടെ ഇരുചക്ര വാഹനത്തിൽ വീട്ടിൽ നിന്നും വെള്ളം നിറച്ച ക്യാനുകളുമായാണ് വരുന്നത്. ഉച്ചഭക്ഷണം കഴിച്ചാൽ കടലാസുകൊണ്ട് കൈ തുടച്ച് വേസ്റ്റ് വന്ന ഭക്ഷണം വീട്ടിലേക്ക് തിരികെ കൊണ്ടുപോകേണ്ട അവസ്ഥയാണ് പലർക്കും.
ദിവസേന 500 രൂപ വീതം പിരിവിട്ട് വെള്ളം വാങ്ങി ഉപയോഗിക്കുന്ന ഓഫീസുകളും ഉണ്ട്. നിലവിൽ വെള്ളം പമ്പ് ചെയ്യുന്ന കിണറിന് ചുറ്റും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ടാപ്പ് തുറന്നാൽ ദുർഗന്ധത്തോടെയുള്ള മഞ്ഞനിറമുള്ള വെള്ളം വരുന്നത് സെപ്റ്റിക് ടാങ്കിന്റെ ലീക്കാണ് എന്ന് പരാതി വന്നപ്പോൾ മുനിസിപ്പാലിറ്റിയുടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെള്ളം ടെസ്റ്റ് ചെയ്യാൻ കൊണ്ടുപോയി. പക്ഷേ ഇതുവരെ റിപ്പോർട്ട് തന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട് .
സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതി ജഡ്ജി നിലവിലുള്ള കിണർ നികത്തി സമാന്തരമായി കുടിവെള്ളം കിട്ടുന്ന രീതിയിൽ ബോർവെൽ നിർമ്മിക്കാൻ കളക്ടറോട് നിർദ്ദേശിച്ചിട്ടും ഫലമുണ്ടായില്ല. സമുച്ചയത്തോട് ചേർന്നുള്ള സുഭിക്ഷ ഹോട്ടലിൽ ഭക്ഷണം പാചകം ചെയ്യുന്നതിനും മറ്റുമായി പുറമെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
"കിണറ്റിലെ മലിനജലം ടെസ്റ്റ് ചെയ്തതിൽ ഇ കോളിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെള്ളം വറ്റിച്ച് വീണ്ടും കിണറ്റിൽ നിറഞ്ഞിരിക്കുകയാണ്. ക്ലോറിൻ കലർത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു. ഏറെ ജനകീയമായ സുഭിക്ഷ ഹോട്ടൽ പൂട്ടിക്കാനുള്ള കുപ്രചരണം മാത്രമാണിത് "
സി.എ. ബെന്നി
ചെയർമാൻ
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി