കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ തിരംഗയാത്ര കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷം രാഷ്ട്രീയ അന്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന്
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവ്, ഹർ ഘർ തിരംഗ ഫോട്ടോ പ്രദർശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനുമായി സഹകരിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് പ്രദർശനം. 15വരെയാണ് പ്രദർശനം.
ഉദ്ഘാടനത്തിനുശേഷം പ്രദർശനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സെൽഫി കോർണർ സന്ദർശിച്ച മന്ത്രി ദേശീയ പതാകയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി, റെയിൽവേ ഏരിയ മാനേജർ പരിമളം, സി.ബി.സി ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന, ഫീൽഡ് പബ്ലിസിറ്റി ഓഫീസർമാരായ എൽ.സി. പൊന്നുമോൻ, എം. സ്മിതി എന്നിവർ പങ്കെടുത്തു.