കൊച്ചി: സ്വകാര്യ ബസിന്റെ ഡോർ കൊണ്ട് വിദ്യാർത്ഥനിയുടെ കൈയ്ക്ക് മുറിവേറ്രു. എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് പരിക്കുപറ്റിയത്. കുട്ടിയുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ എറണാകുളം എം.ജി റോഡ് സൗത്ത് ഭാഗത്തുവച്ചാണ് സംഭവം. സ്കൂൾ കഴിഞ്ഞ് ഫോർട്ടുകൊച്ചിയിലെ വീട്ടിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു വിദ്യാർത്ഥിനിയും മറ്റ് സഹപാഠികളും. ചിറ്റൂരിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് സർവീസ് നടത്തുന്ന ഡ്രീംസ് ബസ് വരുന്നത് കണ്ട് വിദ്യാർത്ഥികൾ റോഡിലേക്ക് ഇറങ്ങി നിന്നെങ്കിലും സ്റ്റോപ്പിൽ നിന്ന് അല്പം നീക്കിയാണ് നിറുത്തിയത്.

പ്ലസ് ടു വിദ്യാർത്ഥിനിയടക്കം ബസിൽ കയറാൻ ശ്രമിക്കവേ കണ്ടക്ടർ ‌ഡോർ അടയ്ക്കുകയും ബസ് മുന്നോട്ടെടുക്കുകയുമായിരുന്നു. ഡോർ കൊണ്ട് വലതുകൈപ്പത്തിക്കാണ് മുറിവേറ്റത്. വിവരമറിയിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ സ്ഥലത്തെത്തി. ഇവരോടൊപ്പം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർത്ഥിനി പരാതി നൽകി. സംഭവം നടന്നത് സെൻട്രൽ സ്റ്റേഷൻ പരിധിയിലായതിനാൽ കേസന്വേഷണം അവിടേയ്ക്ക് കൈമാറി. പ്രതികളെ പിടികൂടിയിട്ടില്ല.