മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ
സിനിബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. മർദ്ദനത്തിന് ഇരയായ കൗൺസിലർ പ്രമീളഗിരിഷ് കുമാർ ഹർജിയിൽ കക്ഷി ചേർന്നിരുന്നു.
കഴിഞ്ഞ നാലിന് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരാണ് ഏറ്റുമുട്ടിയത്.
നഗരസഭ ഓഫീസിലെ ജനകീയാസൂത്രണ റൂമിലായിരുന്നു സംഭവം. വൈസ് ചെയർപഴ്സൻ സിനി ബിജു, ജോയ്സ് മേരി ആന്റണി, പ്രമീള ഗിരീഷ്കുമാർ എന്നിവർ തമ്മിലായിരുന്നു സംഘർഷം. തുടർന്ന് മുഖത്തും കൈകളിലും കഴുത്തിലും പരിക്കേറ്റ പ്രമീള ഗിരീഷ് കുമാറിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സിനി ബിജുവും ജോയ്സ് മേരി ആന്റണിയും മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിലും ചികിത്സതേടി. ക്ഷേമകാര്യ സ്ഥിരം സമിതിഅധ്യക്ഷ രാജശ്രീരാജുവിനെതിരെ എൽ.ഡി.എഫിന്റെ സഹായത്തോടെ പ്രമീള അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് പ്രശ്നകാരണം. പ്രമീള ഗിരീഷ് കുമാറും ജോയ്സ് മേരി ആന്റണിയും സിനി ബിജുവും തമ്മിൽ ഇതു സംബന്ധിച്ച് തർക്കം രൂക്ഷമായിരുന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടു
ത്ത ദിവസവും ഇവർ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നു. സിനി ബിജു, ജോയ്സ് മേരി ആന്റണി എന്നിവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്.