മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്ത് എട്ടാം വാർഡിലെ സൂര്യ കുടുംബശ്രീക്ക് കീഴിലുള്ള കൈരളി തയ്യൽ യൂണിറ്റിൽ പഞ്ചായത്തിൽ വിതരണം ചെയ്യുന്നതിനുള്ള ത്രിവർണ പതാകകൾ ഒരുങ്ങുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്ന് ദേശീയ പതാകകൾ കുടുംബശ്രീ അംഗങ്ങൾ എത്തിക്കും.

തയ്യൽ യൂണിറ്റിന്റെ പ്രസിഡന്റ് സിന്ദു അശോകന്റെ നേതൃത്വത്തിലാണ് ദേശീയ പതാകകൾ തുന്നുന്നത്. 2500- ദേശീയ പതാകകൾ ഇവിടെ മാത്രം നിർമ്മിക്കും. ജില്ലാ കുടുംബശ്രീ മിഷൻ നൽകിയ നൂലും തുണിയും ഉപയോഗിച്ച് നിർമിക്കുന്ന പതാകയ്ക്ക് 30 രൂപയാണ് വില. മഞ്ഞള്ളൂരിൽ മാത്രമല്ല എല്ലാ പഞ്ചായത്തിലും മുഴുവൻ വീടുകളിലും ത്രിവർണ പതാകകൾ എത്തിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്കാണ് ചുമതല. ചില കുടുംബശ്രീകൾ സ്വന്തമായി പതാകകൾ നിർമിക്കുമ്പോൾ മറ്റുചിലവ സമീപത്തെ കുടുംബശ്രീ യൂണിറ്റുകളിലും മറ്റും തയാറാക്കിയ പതാകകൾ ജില്ല മിഷൻ എത്തിച്ചു നൽകും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്ന ഹർ ഘർതിരംഗ പദ്ധതിയുടെ ഭാഗമായാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വിപുലമായ തയാറെടുപ്പുകൾ നടക്കുന്നത്. 13 മുതൽ 15 വരെയാണ് പതാക ഉയർത്തുക. വീടുകൾ കൂടാതെ സർക്കാർ ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പതാക ഉയർത്തും. പല പഞ്ചായത്തുകളിലും കുടുംബശ്രീ അംഗങ്ങൾ പതാകകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട് .