
കൊച്ചി: ഫ്രാൻസിസ് മാർപ്പാപ്പ ഇടപെട്ടിട്ടും പരിഹരിക്കാൻ കഴിയാത്ത വിധം സിറോമലബാർ സഭയിലെ ഭിന്നത അതിരൂക്ഷമായി. തെരുവിലിറങ്ങി പ്രതിഷേധിച്ച വൈദികരെ സുപ്രധാന പദവികളിൽ നിന്ന് സഭാ നേതൃത്വം പുറത്താക്കിയതോടെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് വൈദികരും വിശ്വാസികളും. കാൽ തല്ലിയൊടിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമതർ ഭീഷണിപ്പെടുത്തിയതോടെ തർക്കം കൈയാങ്കളിയിലേക്ക് നീളുമോയെന്ന ആശങ്കയിലാണ് വിശ്വാസികൾ.
എറണാകുളം അങ്കമാലി അതിരൂപതയിലെ സ്ഥലമിടപാട്, ഏകീകൃത കുർബാന എന്നിവയ്ക്കെതിരെ ആരംഭിച്ച വിയോജിപ്പാണ് സഭയിലാകെ അസ്വസ്ഥത പടർത്തുന്നത്. ഏകീകരിച്ച കുർബാനരീതി മറ്റു രൂപതകൾ സ്വീകരിച്ചെങ്കിലും എറണാകുളം അതിരൂപതയിൽ നടപ്പാക്കാൻ കഴിഞ്ഞില്ല. പഴയ രീതി മതിയെന്ന വൈദികരുടെ നിലപാടിനൊപ്പം നിലകൊണ്ട മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ രാജിവയ്പിച്ച് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് ചുമതല നൽകിയത് സ്ഥിതി വഷളാക്കി.
സഭാനേതൃത്വത്തിനെതിരെ സംഘടിപ്പിച്ച സമ്മേളനത്തിൽ ഭൂരിപക്ഷം വൈദികരും പങ്കെടുത്തു. അതിരൂപതയുടെ ചാൻസലർ, ഫിനാൻസ് ഓഫീസർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് എട്ട് വൈദികരെ നീക്കിയാണ് നേതൃത്വം തിരിച്ചടിച്ചത്. ക്ഷുഭിതരായ വൈദികരും അൽമായ മുന്നേറ്റം, അതിരൂപതാ സംരക്ഷണ സമിതി, സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറം എന്നീ സംഘടനകളും നിലപാട് കടുപ്പിച്ചു. ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച അതിരൂപതാ സംരക്ഷണ സമിതി നേതാവാണ് കാൽ തല്ലിയൊടിക്കുമെന്നു ഭീഷണിപ്പെടുത്തിയത്. ബിഷപ്പിനെ ഗുണ്ടയെന്നും വിളിച്ചു.
360 വൈദികരും എതിർചേരിയിൽ
അതിരൂപതയിലെ 410 വൈദികരിൽ 360 പേരും നേതൃത്വത്തിന് എതിരാണ്. വൈദികരിൽ ഭിന്നത സൃഷ്ടിക്കാൻ സഭാനേതൃത്വം ശ്രമിക്കുന്നതായാണ് സൂചന. മാർപ്പാപ്പയുടെ ഉത്തരവ് അനുസരിക്കണമെന്ന് വൈദികരെ ഭീഷണിപ്പെടുത്തുന്നു. മെത്രാൻ പദവിയുൾപ്പെടെ വാഗ്ദാനം ചെയ്തു പ്രലോഭിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.