ricricee

കോലഞ്ചേരി: മുളകും മല്ലിയും അരിയും കുതിപ്പിൽ. പലവ്യഞ്ജനങ്ങൾ ഹൈജമ്പിൽ. അടുക്കള ബഡ്ജ​റ്റ് താളം തെ​റ്റും. മട്ട വടി അരി വി​ല പായുകയാണ്. ഇപ്പോൾ വില കിലോ 52.50. സുരേഖ, ജയ, മട്ട ഉണ്ട അരികൾ 47ൽ തുടരുമ്പോഴാണ് വടി അരി വില കുതിച്ചു കയറുന്നത്.

സംസ്ഥാനത്തേയ്ക്കുള്ള നെല്ല് വരവ് കുറഞ്ഞതാണ് വടി അരി വില കൂടാൻ കാരണം. ഉഴുന്നു പരിപ്പ് വില ഒരാഴ്ച മുമ്പ് 110 ആയിരുന്നു ഇപ്പോൾ 120ലെത്തി.

കാശ്മീരി മുളക് വില 380ൽ നിന്ന് ചില്ലറ വില 530ലേയ്ക്കാണ് ഉയർന്നത്. മുളക് 160ൽ നിന്ന് 310ലേയ്ക്കും മല്ലി 110 ൽ നിന്ന് 160ലേയ്ക്കും ഉയർന്നു.

സസ്യ എണ്ണകളും ഉയരത്തിലേക്കാണ്. പാമോയിൽ 120ൽ നിന്ന് 130ലെത്തി പ്രതിദിനം രണ്ടു രൂപ വച്ചാണ് കയറ്റം. വെളിച്ചെണ്ണ വിലയ്ക്കും മാ​റ്റമില്ല 180 190 ൽ തുടരുന്നു.

പഞ്ചസാര മധുരിക്കില്ലെന്ന് ഉറപ്പാക്കി കയറ്റത്തിലാണ്. 36.50ൽ നിന്ന് 37.50ലെത്തി 10 - 20 പൈസ പ്രതിദിനം കൂടുന്നുണ്ട്. പെട്ടെന്ന് വിപണിയിൽ വിലക്കയറ്റമെന്ന് അറിയാതിരിക്കുകയാണ് ചെറിയ വിലമാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്.

വരവ് കുറഞ്ഞു

ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ചരക്ക് വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചനകൾ. രണ്ടാം തരം ഇനങ്ങളാണ് ഇപ്പോൾ ഭൂരിഭാഗം വ്യാപാരികളും ഇറക്കുന്നത്. ഓണത്തി​ന് മുന്നേ സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ വില പിടിവിടുമെന്നാണ് മൊത്തവ്യാപാരികളും പറയുന്നത്.