ആലുവ: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 16,17,18 തീയതികളിൽ ആലുവ യു.സി കോളജ് ടാഗോർ സെന്റിനറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 16ന് രാവിലെ 10ന് കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വി. നാരായണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.

ചിത്രകലാ ക്യാമ്പ് 'ചിത്രകലയുടെ ലാവണ്യം' ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. മൂന്ന് പുസ്തകങ്ങൾ പ്രകാശിപ്പിക്കും. 17ന് രാവിലെ 10ന് ലൈബ്രേറിയൻമാരുടെ സംഗമം കവി ഡോ. രാവുണ്ണി ഉദ്ഘാടനം ചെയ്യും. ഭരണഘടനയുടെ ദർശനം എന്ന വിഷയത്തിൽ ടി.ആർ. വിനോ‌യ് കുമാർ വിഷയം അവതരിപ്പിക്കും. 18ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. എഴുത്തുവഴിയിലെ പെൺപെരുമ എന്ന വിഷയത്തിൽ ഡോ. മിനി ആലീസ്, വായനയിലെ സ്ത്രീമുന്നേറ്റം എന്ന വിഷയത്തിൽ കെ. വിജയകുമാർ എന്നിവർ പ്രഭാഷണം നടത്തും. ദിവസവും ഉച്ചയ്ക്കുശേഷം ലൈബ്രറി പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ.

130-ാളം പ്രസാധകർ പങ്കെടുക്കും. ജില്ലയിലെ 550 ലൈബ്രറികൾ കൗൺസിൽ ഗ്രാന്റ് വിനിയോഗിച്ച് പുസ്തകങ്ങൾ വാങ്ങും. പൊതുജനങ്ങൾക്കും ഡിസ്‌ക്കൗണ്ട് ലഭിക്കും.