ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ നേതൃത്വത്തിലുള്ള 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഇന്നാരംഭിക്കും. യൂണിയന് കീഴിലുള്ള 61 ശാഖകളിലും 360 കുടുംബ യൂണിറ്റുകളിലും ആയിരക്കണക്കിന് ശ്രീനാരായണീയ ഭവനങ്ങളിലും ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ പീതപതാക ഉയരും.
യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സന്ദേശം നൽകും. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ എന്നിവർ സംബന്ധിക്കും.
21ന് രാവിലെ തോട്ടക്കാട്ടുകരയിൽ യൂണിയൻ യൂത്ത്മൂവ്‌മെന്റ് സമിതി സംഘടിപ്പിക്കുന്ന ഇരുചക്ര വാഹനറാലി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായിരിക്കും.
സെപ്തംബർ ഒന്നിന് ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് സെക്രട്ടറി സ്വാമി ധർമ്മ ചെെതന്യ കെടാവിളക്കിൽ നിന്ന് പകർന്ന് നൽകി ദിവ്യജ്യോതി റിലേ നടക്കും. റിലേ യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. 2,3,4,5 തീയതികളിൽ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിക്കുന്ന ദിവ്യജ്യോതി പ്രയാണം നടക്കും. സെപ്തംബർ 10ന് ദേശീയപാതയിൽ തോട്ടക്കാട്ടുകര കവലയിൽ നിന്ന് മഹാഹോഷയാത്ര ആരംഭിക്കും. അദ്വൈതാശ്രമത്തിൽ സമാപിക്കും.
18ന് ആലുവ എസ്.എൻ.ഡി.പി സ്‌കൂളിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ശാഖകൾക്കും പോഷക സംഘടനകൾക്കുമുള്ള സാമ്മാന വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും.