
കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകാത്തതിന് കെ.എഫ്.സി റെസ്റ്റോറന്റ് 3,500 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പരാതിക്കാരിയായ തൃശൂർ സ്വദേശി അഡ്വ. ടി.കെ. കവിത 2016 ൽ കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെ.എഫ്.സി റെസ്റ്റോറന്റിൽ കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവു ചുമച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചെങ്കിലും നിഷേധിച്ചെന്നായിരുന്നു കവിതയുടെ പരാതി. സൗജന്യമായി കുടിവെള്ളം നൽകുന്നത് റെസ്‌റ്റോറന്റിന്റെ നയമല്ലെന്നും വെള്ളം ആവശ്യമെങ്കിൽ കൗണ്ടറിൽ നിന്ന് വാങ്ങണമെന്നും അധികൃതർ പറഞ്ഞതായി ഹർജിക്കാരി ആരോപിച്ചു. കുടിവെള്ളം നൽകാതെ കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുകയാണ് റെസ്റ്റോറന്റ് അധികൃതർ ചെയ്തതെന്നും ഇതു നീതിയുക്തമായ കച്ചവട രീതിയല്ലെന്നും വിലയിരുത്തിയാണ് കമ്മിഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന് ദേശീയ ഉപഭോക്തൃ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.