കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ പുനർനിർമ്മിക്കുന്ന ഗുരുമണ്ഡപത്തിന് സമീപം കടമുറിക്കുള്ളിൽ മറ്റൊരു ഗുരുമണ്ഡപം സ്ഥാപിക്കാനുള്ള നി​ർമ്മാണങ്ങൾ തടഞ്ഞ് തൃപ്പൂണിത്തുറ നഗരസഭ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ സാധുവാണെന്നും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നഗരസഭയ്ക്ക് നിർദേശം നൽകി.

ഗുരുദേവപ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുന്ന രണ്ടുകടമുറികൾക്ക് സമീപത്തെ കടയുടെ ഉടമ ടി.കെ. സോമൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ശ്രീനാരായണ പ്രതിമാ സ്ഥാപനക്കമ്മിറ്റിയെന്ന ബോർഡുവച്ച് കടമുറിക്കുള്ളിൽ അനധികൃത നിർമ്മാണം നടത്തുന്നതായും ആരാധനാലയം സ്ഥാപിക്കാൻ ശ്രമിക്കുന്നതായും വ്യക്തമാക്കി ടി.കെ. സോമൻ നൽകിയ പരാതിയിലാണ് തൃപ്പൂണിത്തുറ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയത്.

നിയമപരമായി താൻനൽകേണ്ട എൻ.ഒ.സിയില്ലാതെയാണ് അറ്റകുറ്റപ്പണിക്ക് അനുമതി വാങ്ങി കടകളുടെ മേൽക്കൂര പൊളിച്ചുമാറ്റി പുനർനിർമ്മിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ നാമം ഉപയോഗിച്ച് വലിയതുക സമാഹരിക്കലാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും ഹർജിയിൽ ആരോപിക്കുന്നു.

സ്റ്റോപ്പ് മെമ്മോയുടെ കാര്യം മറച്ചുവച്ച് എറണാകുളം മുൻസി​ഫ് കോടതി​യി​ൽനി​ന്ന് നേടിയ ഉത്തരവിന്റെ ബലത്തിൽ കടയ്ക്കുള്ളിൽ അനധികൃത നിർമ്മാണങ്ങൾ പുനരാരംഭിച്ചതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയി​രുന്നു.