പറവൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സ്വാതന്ത്ര്യ സമരസ്മൃതി സംഗമം നാളെ രാവിലെ പത്തിന് പറവൂർ പറയത്ത് തറവാട്ടിൽ നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോഅംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര പ്രക്ഷോഭ നാളുകളിൽ പറവൂരിലെത്തിയ ഗാന്ധിജി ഒരു ദിവസം താമസിച്ചത് പറയത്ത് തറവാട്ടിലാണ്. സ്വാതന്ത്ര്യ സമരപ്പോരാളികളായ എൻ. ശിവൻപിള്ള, പറയത്ത് ഗോവിന്ദമേനോൻ, കേസരി എ. ബാലകൃഷ്ണപിള്ള, പി. കേശവദേവ്, കെടാമംഗലം പപ്പുക്കുട്ടി, പുല്ലാർക്കാട്ട് കുമാരൻ, ആർ. ശേഖരൻ, എ.ഐ. ജലീൽ, ഐദാസ്, വജ്ര കുറുപ്പ്, പി.കെ. പരമേശ്വരൻ, കെ.സി. പ്രഭാകരൻ, സി.പി. വല്ലഭമേനോൻ, വി.എസ്. പങ്കജാക്ഷൻ നായർ, ഒലിയത്ത് ഗോപാലൻ എന്നിവരുടെ ബന്ധുക്കളേയും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളേയും ആദരിക്കും. സി.പി.എം ജില്ലാ സെക്രട്ടറി സി.എം. മോഹനൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു തുടങ്ങിയവർ പങ്കെടുക്കും.