ആലുവ: എടത്തല പഞ്ചായത്ത് 21-ാം വാർഡിൽ 2018ലെ പ്രളയത്തിൽ തകർന്ന സാക്ഷരത റോഡ് നവീകരണം റീബിൽഡ് കേരളയിൽ ഉൾപ്പെടുത്താൻ നടപടിയെടുത്തത് മുൻ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണെന്ന് പഞ്ചായത്ത് അംഗമായിരുന്ന എ.എ. മാഹിൻ. നിലവിലെ പഞ്ചായത്ത് അംഗം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പി.ഡബ്‌ളിയു.ഡി മന്ത്രി 1.70 കോടി രൂപ അനുവദിച്ചെന്ന അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എയുടെ സഹായത്തോടെയാണ് അന്നത്തെ ധനകാര്യമന്ത്രിയെയും റീബിൽഡ് കേരളയുടെ എ.എക്‌സിക്യുട്ടീവ് എൻജിനിയർ ഷിജു ചന്ദ്രനെയും നേരിൽ കണ്ട് റോഡ് നവീകരണത്തിന് അപേക്ഷ നൽകിയത്. ഇതനുസരിച്ച് ഫണ്ട് അനുവദിച്ചു. തുടർന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ കൊവിഡ് വ്യാപിച്ചതോടെ പദ്ധതി നടപടികൾ സാവധാനത്തിലായി. പദ്ധതി വേഗത്തിലാക്കാൻ നടപടിയാരംഭിച്ചപ്പോഴേക്കും പഞ്ചായത്ത് ഇലക്ഷൻ വന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗം പദ്ധതിക്കായി യാതൊന്നും ചെയ്തിട്ടില്ല. അതിനാലാണ് റോഡ് നവീകരണം ഇത്രയും വൈകിയതെന്നും മാഹിൻ ആരോപിച്ചു.