ആലങ്ങാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ റോഡ് നവീകരണ പദ്ധതികളിൽ ധനദുർവിനിയോഗം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ്. റോഡുകൾ തരംമാറ്റം വരുത്താതെ നവീകരണം നടത്തണമെന്ന വ്യവസ്ഥ പാലിക്കണമെന്നാണ് ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി നൽകിയ നിർദ്ദേശം.
ആലങ്ങാട് കോട്ടപ്പുറത്ത് കോൺക്രീറ്റ് റോഡ് കുത്തിപ്പൊളിച്ച് ടൈൽ വിരിച്ചു സംഭവം ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് അംഗം പി.എസ്. ജഗദീശൻ നൽകിയ നിവേദനത്തിലാണ് നടപടി. നിരത്തുകൾ നിലവിലുള്ള രീതിയിൽ തന്നെ നവീകരിക്കാൻ പദ്ധതി തയാറാക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ ഇതു മറികടന്ന് ഉറപ്പുള്ള കോൺക്രീറ്റ്, ടാർ റോഡുകൾ കുത്തിപ്പൊളിച്ച് ടൈൽ വിരിക്കുന്ന രീതി പല തദ്ദേശഭരണസ്ഥാപനങ്ങളിലും തുടരുന്നുണ്ട്. പഴയ നിലയിൽ നവീകരിച്ചാൽ റോഡിന്റെ നിലവാരം ഉയരുന്നതിനൊപ്പം നിർമ്മാണ ചെലവുകുറയുകയും ചെയ്യുമെന്നിരിക്കെ, കരാറുകാർക്ക് ലാഭമുണ്ടാക്കാനാണ് തരം മാറ്റലുകൾ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് അറ്റകുറ്റപ്പണിക്കായി 2021-22 വർഷം 1949.8 കോടി രൂപയാണ് ആസ്തി പരിപാലന ഫണ്ടിൽ നിന്ന് അനുവദിച്ചത്. ധനകാര്യ കമ്മിഷൻ ശേഖരിച്ച വിവിധ റോഡുകളുടെ കണക്കുകളനുസരിച്ച് പഞ്ചായത്തുകൾക്ക് ലഭിക്കുന്ന തുക ഫലപ്രദമായല്ല ചെലവിടുന്നത്. അസംസ്കൃതവസ്തുക്കളുടെ ദൗർലഭ്യം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന ഇക്കാലത്തും ടാർ, കോൺക്രീറ്റ് റോഡുകളിൽ വ്യാപകമായി ടൈൽ വിരിക്കുന്നുണ്ട്. അഞ്ചിരട്ടിയോളം അധിക തുകയാണ് ഇതിനായി ചെലവഴിക്കുന്നത്. നിർമ്മാണ സാമഗ്രികൾ വേണ്ടത്ര ഉപയോഗിക്കാതെ കുത്തിപ്പൊളിച്ച കോൺക്രീറ്റ്, ടാർ മാലിന്യങ്ങൾക്കു മുകളിൽ തന്നെ ടൈൽ വിരിക്കുന്ന തട്ടിപ്പും ഇതോടൊപ്പം നടക്കുന്നു.നവീകരണത്തിന് പദ്ധതി തയാറാക്കുമ്പോൾ റോഡിന്റെ സ്വഭാവത്തിൽ മാറ്റംവരുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ എൽ.എസ്.ജി.ഡി. ഇംപ്ലിമെന്റിംഗ് ഓഫീസർമാർക്ക് ഉത്തരവാദിത്വമുണ്ട്. സ്ഥിരം തകരാറുള്ള വളവുകളിലോ കവലകളിലോ പുതുതായി റോഡ് നിർമ്മിക്കുമ്പോൾ മാത്രമേ നിരത്തുകൾ തരംമാറ്റുന്നതിനെ അംഗീകരിക്കാനാവൂ.
നിർമ്മാണ പ്രവർത്തികൾ കൃത്യമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.