കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടി പിഴശിക്ഷ ഈടാക്കിയതിന്റെ വൈരാഗ്യത്തിന് പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞുനിറുത്തി മർദ്ദിച്ചു. ഉദയംപേരൂർ സ്റ്റേഷനിലെ സി.പി.ഒ ശ്രീരാജിനാണ് മർദ്ദനമേറ്റത്. പരിക്ക് സാരമുള്ളതല്ല.

സംഭവത്തിൽ തൃപ്പൂണിത്തുറ ആമേടക്ഷേത്രത്തിന് സമീപത്തുള്ള അനൂപ് (22), അശ്വിൻ (32) എന്നിവരെ ഉദയംപേരൂർ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം.

പതിവ് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കണ്ടനാട് ജംഗ്ഷനിൽ വച്ച് അശ്വിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ സ്റ്റേഷനിൽ എത്തിച്ച് പിന്നീട് ജാമ്യത്തിൽ വിട്ടു. തുടർന്ന്ബാ റിൽ പോയി മദ്യപിച്ച അശ്വിനും അനൂപും പുറത്തിറങ്ങിയ ശേഷം മഫ്തിയിൽ ഡ്യൂട്ടിലുണ്ടായിരുന്ന ശ്രീരാജിനെ വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു.

വിവരമറിയിച്ചതിന് തുടർന്ന് ഉദയംപേരൂർ സ്റ്റേഷനിൽനിന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.