kma
നവീകരിച്ച കെ.എം.എ ആസ്ഥാനം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ) പനമ്പള്ളി നഗറിലെ നവീകരിച്ച ആസ്ഥാനമന്ദിരം ആഗസ്റ്റ് 18ന് വൈകിട്ട് 5ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റും കവിൻ കെയർ സി.എം.ഡിയുമായ സി.കെ. രംഗനാഥൻ മുഖ്യപ്രഭാഷണം നടത്തും.

മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവർ പങ്കെടുക്കും. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീപ് അഹമ്മദ്, കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർ, ജിയോജിത് സ്ഥാപകനും എം.ഡിയുമായ സി.ജെ. ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് എം.ഡി ജോർജി മുത്തൂറ്റ് എന്നിവർ വിശിഷ്ടാതിഥികളാകും.

വെള്ളക്കെട്ട് നേരിടാൻ റോഡുനിരപ്പിൽ നിന്ന് കെട്ടിടം നാലടിയോളം ഉയർത്തിയാണ് നിർമ്മിച്ചത്. താഴത്തെ നിലയിൽ 20 പേർക്കിരിക്കാവുന്ന ബോർഡ് റൂമുണ്ട്. ഒന്നാം നിലയിൽ 3 ഹാളുകളുണ്ട്. 40 ഉം 30 ഉം പേർക്ക് വീതം പേർക്ക് വീപ്പം ഇരിക്കാവുന്നതാണ് ഹാളുകൾ. രണ്ടാം നിലയിലെ 120 പേർക്കിരിക്കാവുന്ന ഹാളുമുണ്ട്. എല്ലാ ഹാളുകളിലും ആധുനികമായ ഓഡിയോ വീഡിയോ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.

ഓൺലൈൻ യോഗങ്ങൾ സാർവത്രികമായ കാലത്ത് ഓൺലൈനായും ഹൈബ്രിഡായും എല്ലാ ഹാളുകളും ഉപയോഗിക്കാൻ കഴിയും. യോഗങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവയ്ക്കായി പൊതുജനങ്ങൾക്കും ഹാൾ ലഭ്യമാക്കുമെന്ന് പുനർനിർമാണ കമ്മിറ്റി ചെയർമാനും കെ.എം.എ മുൻ പ്രസിഡന്റുമായ ആർ. മാധവ് ചന്ദ്രൻ അറിയിച്ചു.

1981ൽ എൻ.പി ഗോപാലകൃഷ്ണൻ പ്രസിഡന്റായിരിക്കെയാണ് പി. കേശവൻ കൺവീനറായി കൊച്ചിയിൽ മാനേജ്‌മെന്റ് ഹൗസ് സ്ഥാപിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയ മാനേജ്‌മെന്റ് ഹൗസ് പമേല അന്ന മാത്യു പ്രസിഡന്റായിരിക്കെ 1993 മേയ് 29ന് ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ് ചെയർമാൻ എസ്.എം ദത്തയാണ് ഉദ്ഘാടനം ചെയ്തത്. സമീപകാലത്ത് പനമ്പിള്ളിനഗറിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ടും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് 2021ൽ ആർ. മാധവ് ചന്ദ്രൻ പ്രസിഡന്റായിരുന്ന കമ്മറ്റി കെട്ടിടം പൂർണമായും നവീകരിക്കാൻ തീരുമാനിച്ചത്. 15 മാസം കൊണ്ട് പണി പൂർത്തിയാക്കിയെന്ന് പ്രസിഡന്റ് നിർമ്മല ലിലി പറഞ്ഞു.