
കളമശേരി: സാക്ഷരതാ മിഷന്റെ കീഴിൽ പ്ലസ് ടു തുല്യതാ പരീക്ഷയെഴുതാൻ കടമ്പകൾ കടന്ന് മഞ്ഞുമ്മൽ സക്കീന മൻസിലിലെ വീട്ടമ്മയായ അറുപത്തിമൂന്നുകാരി എ.എസ്. സക്കീനയുമുണ്ട്. പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പഠനം തുടരാനായതിന്റെ സന്തോഷത്തിലാണ് സക്കീന. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വരുകയും 16-ാം വയസിൽ വിവാഹിതയാവുകയും ചെയ്ത സക്കീന മക്കളും പേരക്കുട്ടികൾക്കുമൊപ്പം കഴിയുമ്പോഴാണ് വീണ്ടും പഠിക്കാനുള്ള ആഗ്രഹമുണ്ടാകുന്നത്. സ്വാമി അയ്യപ്പൻ, ശ്രീകൃഷ്ണൻ എന്നിവരെക്കുറിച്ചുള്ള ഭക്തി ഗീതമുൾപ്പെടെ 12 ഓളം കവിതകളും നാടൻ പാട്ടുകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. പ്രണയഗീതങ്ങൾ ഉൾക്കൊള്ളുന്ന 5 ആൽബങ്ങളുമുണ്ട്.
പല കോണുകളിൽ നിന്നുള്ള എതിർപ്പുകളേയും പ്രതിബന്ധങ്ങളേയും തരണം ചെയ്താണ് പഠിക്കുവാനും പരീക്ഷയെഴുതുവാനും എത്തുന്നത്. വീട്ടുജോലികളെല്ലാം കഴിഞ്ഞ് എല്ലാവരും ഉറക്കമാകുമ്പോൾ പുലർച്ചെ രണ്ടു മണി വരെ പഠിക്കും. മക്കളുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് സക്കീന പറയുന്നു.
പാതാളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് 31 പേരും പ്ലസ് ടു വിന് 35 പേരുമാണ് പരീക്ഷയെഴുതുന്നത്. പ്രവാസിയും മുപ്പത്തടം സ്വദേശിയുമായ രാധാകൃഷ്ണൻ (61) ആണ് പുരുഷ വിദ്യാർത്ഥികളിൽ മുതിർന്നയാൾ. ചെറുപ്പക്കാരോടൊപ്പം പഠിക്കുമ്പോൾ തന്റെ പ്രായം കുറയുകയാണെന്നാണ് രാധാകൃഷ്ണൻ പായുന്നത്. കുസാറ്റ്, കെ.എസ്.ഇ.ബി, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരുമാണ് പഠിതാക്കൾ.