കൊച്ചി: സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത കൊച്ചിയിൽ ക്രിമിനൽ സംഘങ്ങൾക്ക് തമ്പടിക്കാനുള്ള ഇടങ്ങൾക്കും കുറവില്ല. എറണാകുളം നോർത്ത്, സൗത്ത് മേൽപ്പാലങ്ങൾ, പുല്ലേപ്പടി കത്രിക്കടവ് പാലങ്ങൾക്ക് താഴെയാണ് വിഹാര കേന്ദ്രം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, മറൈൻ ഡ്രൈവ്, കലൂർ ബസ് സ്റ്റാൻഡ് തുടങ്ങി സ്ഥലങ്ങൾ വേറെയുമുണ്ട്. പാലങ്ങളുടെ സമീപദേശങ്ങളും ഇപ്പോൾ കുട്ടിക്രമിനിൽ സംഘങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്നു. കൊച്ചിയെ ഞെട്ടിച്ച് അഞ്ച് ദിവസത്തിനിടെ നടന്ന രണ്ട് അരുംകൊലകളും സൗത്ത് നോർത്ത് പാലങ്ങളോട് ചേർന്നാണ്. പ്രദേശത്ത് വെളിച്ചമില്ലെന്നതാണ് ഇവർ മുതലെടുക്കുന്നത്.
ലഹരി ഉപയോഗം വർദ്ധിക്കുന്നതും ഇതേതുടർന്ന് സംഘം തിരിഞ്ഞുള്ള തർക്കങ്ങളുമാണ് രാത്രി സമയങ്ങളിലെ കേസുകളിൽ ഭൂരിഭാഗവും. ലഹരി വില്പനയും ഉപയോഗവും തടയുന്നതിനായി എക്‌സൈസ് സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ നടത്തുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം ക്രമിനൽ സംഘത്തിന്റെ സാന്നിദ്ധ്യമുണ്ട്. ക്യൂൻസ് വാക്ക് വേ, കലൂർ സ്റ്റേഡിയം പരിസരം എന്നിവടങ്ങളിൽ രാത്രികാല ബൈക്ക് റേസിംഗ് കൂടുന്നതായും പരാതിയുണ്ട്. ഇതിന് പിന്നിലും ക്രിമിനൽ സംഘങ്ങളാണ്. കാൽനട യാത്രക്കൊരുക്കിയിരിക്കുന്ന ഇടങ്ങളിലാണ് ഇത്തരം അഭ്യാസം. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഇവിടങ്ങളിൽ വഴിവികളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ആക്രമിച്ച് പണം തട്ടൽ
പലകൽ പോലെയല്ല, രാത്രിയിലെ കൊച്ചിക്കാഴ്ച. ആരെയും ഒന്ന് പേടിപ്പിക്കും. കൂരിരുട്ടാണ് പലയിടത്തും. 12മണി കഴിയുന്നതോടെ വിവിധ ക്രിമിനൽ സംഘങ്ങൾ ഈ പാലങ്ങൾക്ക് കീഴിലേക്കെത്തും. ലഹരി ഉപയോഗവും കൂട്ടം ചേർന്നുള്ള മദ്യപാനവുമെല്ലാം തകൃതിയാണ്. ലൈംഗിക തൊഴിലാളികളെ തേടി ഇവിടേയ്ക്ക് എത്തുന്നവരെ തടഞ്ഞുനിറുത്തി മർദ്ദിക്കുകയും സ്വർണവും പണവുമെല്ലാം പിടിച്ചുപറിക്കുകയാണ് രീതി. നേരം പുലരുന്നതോടെ സ്ഥലം കാലിയാക്കും. ഗ്രാമപ്രദേശങ്ങളിലേയും തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലയിൽ നിന്നുള്ള യുവാക്കളാണ് പിടിച്ചുപറിക്കേസുകളിൽ അധികവും അറസ്റ്റിലായിട്ടുള്ളത്.
ആയുധം കല്ല്
ക്രിമനിൽ സംഘങ്ങളെ പിടികൂടാൻ പൊലീസ് സ്ഥലത്ത് എത്താറുണ്ടെങ്കിലും കല്ലെറിഞ്ഞ് തുരുത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഇരുട്ടിൽ നിന്നുള്ള ആക്രമണത്തിൽ മുമ്പ് നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളെ ബന്ധപ്പിക്കുന്ന റോഡുകളിലേക്കാണ് പൊലീസ് എത്തുമ്പോൾ ഇവർ ഓടിമറയുന്നത്. റെയിൽവേ ട്രാക്കിൽ നിന്നെല്ലാം മെറ്റലുകളും എടുത്തെറിയാറുണ്ട്.
25 ഗുണ്ടാ സംഘം
സംസ്ഥാനത്ത് 25 ഗുണ്ടാ സംഘങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. 225 ഗുണ്ടകൾ ഇപ്പോഴും സജ്ജീവമാണ്. എന്നാൽ ഇവരെല്ലാം ഇപ്പോൾ കേരളം വിട്ടിരിക്കുകയാണ്. തമിഴ്ന്നാട്ടിൽ നിന്നാണ് ഓപ്പറേഷൻ. കൊച്ചി ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമെന്നാണ് പറയുന്നെങ്കിലും സജീവമായ ഗുണ്ടാ സംഘങ്ങൾ ഇപ്പോൾ കൊച്ചിയിലുമില്ല. 2016 മുതലുള്ള കണക്കെടുത്താൻ കൊച്ചിയിൽ ഒരു ഗുണ്ടാ ക്വട്ടേഷൻ കേസ് മാത്രമാണ് ആകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരാൾക്ക് പരിക്കേൽക്കുകയും 11 പേർ അറസ്റ്റിലാകുകയും ചെയ്തു.