kothamangalam

കോതമംഗലം: ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാൽ സ്ഥാപിച്ച സത്യമുള്ള സംഘടനയാണ് എസ്.എൻ.ഡി.പി യോഗമെന്നും അതിൽ ആര് എങ്ങനെ പ്രവർത്തിക്കണമെന്നത് ഭഗവത് നിശ്ചയമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കോതമംഗലം യൂണിയനിൽ പ്രവർത്തക കൺവെൻഷന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും പുരസ്‌ക്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മനസിൽ അർബുദം ബാധിച്ച കുറേ ആളുകൾ സംഘടനയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. കുറേ വർഷങ്ങളായി കോടതികളിലും മറ്റ് വകുപ്പുകളിലും നിരത്തിയ നുണക്കഥകൾ എല്ലാം പൊളിഞ്ഞപ്പോൾ നേതാക്കളെ വ്യക്തിഹത്യ നടത്തുകയാണ്. ഹീനമായ ചിന്തയും വാക്കുകളുമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
തെറ്റായ മാർഗങ്ങളിലൂടെ യോഗ നേതൃത്വത്തിലെത്താൻ ശ്രമിച്ച് സ്വയം അപഹാസ്യരാവാതെ നേരായ വഴിയിലൂടെ മത്സരിച്ച് വിജയിക്കാനാണ് ശ്രമിക്കേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ, മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ എന്നിവർ പങ്കെടുത്തു. യോഗം ബോർഡ് അംഗം സജീവ് പാറക്കൽ, യൂണിയൻ കൗൺസിലർമാരായ പി വി.വാസു, ടി.ജി.അനി, എം.വി.രാജീവ്, സി.വി.വിജയൻ, കെ.വി.ബിനു , യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എ.ബി.തിലകൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇൻചാർജ് സതി ഉത്തമൻ, സെക്രട്ടറി മിനി രാജീവ്, സൈബർ സേനാ നേതാക്കളായ എ.കെ.ചന്ദ്രബോസ്, അജേഷ് തട്ടേക്കാട്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് നമേഷ് ശാന്തി, സെക്രട്ടറി ബൈജു ശാന്തി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.എ.സോമൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽ കുമാർ നന്ദിയും പറഞ്ഞു.

യൂണിയനിലെ 26 ശാഖകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 250 കുട്ടികൾക്കും വേമ്പനാട്ടു കായൽ നീന്തിക്കയറിയ അഞ്ച് വയസുകാരൻ നീരജ്, യുവകവിക്കുള്ള ഒ.എൻ.വി പുരസ്‌കാരം നേടിയ അമൃത ദിനേശ്, അജയ് ഷാജി, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ പി.പി. അജിമോൻ, ബി.എസ്.സി ബോട്ടണി 4ാം റാങ്ക് നേടിയ ആഷ്മി ഷൈജൻ, അരുൺ ഗിന്നസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.