shyni-tomi

ആലുവ: നാലരപ്പതിറ്റാണ്ട് മുമ്പ് പഠിച്ചിറങ്ങിയ കോളേജിൽ വീണ്ടും ഒരു രാത്രി കൂടി സഹപാഠികൾക്കൊപ്പം അന്തിയുറങ്ങി ഓർമ്മകൾ പങ്കുവെയ്ക്കാനാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആലുവ ചൂണ്ടി മണവാളൻ വീട്ടിൽ ഷൈനി ടോമിക്ക് അവസരമൊരുക്കിയത്. അതേകാലയളവിൽ കോളേജിൽ വിദ്യാർത്ഥിനിയായും പിന്നീട് അദ്ധ്യാപികയും പ്രിൻസിപ്പലുമായി വിരമിച്ച സി. ചാൾസുമായുള്ള കൂടിക്കാഴ്ച്ചയും ഷൈനിയെ പഴയകാലത്തിലേക്ക് മധുരിക്കുന്ന ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയി.

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിൽ 75 പൂർവ വിദ്യാർത്ഥിനികൾ പങ്കെടുക്കുന്ന സംഗമം സംഘടിപ്പിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് സംഗമം ഇന്ന് രാവിലെ പത്തിന് സമാപിക്കും. നോർത്ത് ഇന്ത്യയിൽ പ്രീഡിഗ്രി പഠന ശേഷം 1974ലാണ് ആലുവ പുത്തൻപറമ്പിൽ പരേതനായ പി.ഐ. ജോണിന്റെ മകൾ ഷൈനി സെന്റ് സേവ്യേഴ്‌സ് കോളേജിൽ ബിരുദവിദ്യാർത്ഥിനിയായെത്തുന്നത്. രണ്ടാം വർഷം കോളേജ് യൂണിയൻ ചെയർപേഴ്‌സനുമായി. യു.സി കോളേജിൽ ബിരുദാന്തരബിരുദവും ബി.എഡും നേടിയ ശേഷം ആലുവയിൽ ഭർത്താവ് എം.എ. ടോമിക്കൊപ്പം സെന്റ് ആന്റണീസ് കോളേജ് ആരംഭിച്ചു. 15 വർഷം മുമ്പ് ഗോഡ്‌സ് ഓൺ പബ്‌ളിക്ക് സ്‌കൂൾ പ്രിൻസിപ്പലായി. വിരമിച്ച ശേഷം സ്‌കൂൾ അഡ്മിനിസ്‌ട്രേറ്ററാണ്.

1972 പ്രീഡിഗ്രി വിദ്യാർത്ഥിനിയായാണ് സിസ്റ്റർ ചാൾസ് സെന്റ് സേവ്യേഴ്‌സിലെത്തുന്നത്. ബിരുദവും പി.ജിയും ഇവിടെ പൂർത്തിയാക്കി 1979 ഇവിടെ അദ്ധ്യാപികയായി. 2006ൽ പ്രിൻസിപ്പലായി സ്റ്റർ 2008ൽ വിരമിച്ചു. ഒരു വർഷം മുമ്പാണ് വീണ്ടും കോളേജ് മാനേജരായി വീണ്ടുമെത്തിയത്. പ്രസംഗത്തിൽ തന്നോടൊപ്പം പഠിച്ചവരാരെങ്കിലും സംഗമത്തിലുണ്ടോയെന്ന് സിസ്റ്റർ ചോദിച്ചപ്പോഴാണ് ഷൈനി ടോമിയെ കണ്ടെത്തിയത്. 1979ൽ ഇരുവരും ചേർന്നാണ് പൂർവവിദ്യാർത്ഥി സംഘടനയായ 'ഒസാക്‌സ്'ന് തുടക്കമിട്ടത്.

അനന്യ ഉദ്ഘാടനം ചെയ്തു

ചലച്ചിത്ര താരവും പൂർവ വിദ്യാർത്ഥിയുമായ അനന്യ കേക്കുമുറിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിനിയും മഹാരാജാസ് കോളേജ് അസി.പ്രൊഫറുമായ ഡോ. എസ്. റീം സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജർ സി. ചാൾസ്, സി.ഒ. ലില്ലി. അസി. പ്രൊഫ. നിഖിത സേവ്യർ, അസി. പ്രൊഫ. അർച്ചന മോഹനൻ എന്നിവർ പ്രസംഗിച്ചു.