തൃപ്പൂണിത്തുറ: പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ചരിത്രത്തെയും സ്വാതന്ത്രസമര പോരാട്ടങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഡശ്രമം ഇൻഫർമേഷൻ ഡയറക്ട്രേറ്റും കേന്ദ്ര സർക്കാരും നടത്തുകയാണന്ന് കെ.ബാബു എം.എൽ.എ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ് പദയാത്ര തൃപ്പൂണിത്തുറ സ്റ്റാച്ച്യൂവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. രാജ്യത്തിന്റെ സ്വാതന്ത്രസമര പോരാട്ടത്തിന് നേതൃത്വം നൽകിയത് കോൺഗ്രസാണ്. കോൺഗ്രസ് രാജ്യത്തിന് സംഭാവന ചെയ്ത മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ബി.ജെ.പി ശ്രമം. കോൺഗ്രസ് നശിച്ചാൽ രാജ്യത്തിന്റെ മൂല്യങ്ങൾ നശിക്കുമെന്ന് ജനത്തിന് ബോദ്ധ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ കോൺഗ്രസിന്റെ തിരിച്ച് വരവ് ആഗ്രഹിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, എം.എൽ.എ മാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, നേതാക്കളായ ഡൊമനിക്ക് പ്രസന്റേഷൻ, വി.പി. സജീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പദയാത്ര പാലാരിവട്ടം ജംഗ്ഷനിൽ സമാപിച്ചു.