weather

കൊച്ചി: കേരളത്തിലെ കാലാവസ്ഥാ പ്രവചനം ഇനി കീഴ്മേൽ മറിയില്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കുന്ന അത്യാധുനിക ഓട്ടോമാറ്രിക് വെതർ സ്റ്റേഷനുകൾ 96 എണ്ണവും പ്രവർത്തന സജ്ജം. 5 ലക്ഷം രൂപ വിലമതിക്കുന്ന വെതർ സ്റ്റേഷൻ ഏറ്റവും കൂടുതൽ ഇടുക്കിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. 13 എണ്ണം. ഏറ്റവും കുറവ് മലപ്പുറം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ. ഇവിടങ്ങിൽ നാലെണ്ണം വീതമേ സ്ഥാപിച്ചിട്ടുള്ളൂ. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലാണ് സ്ഥലം കണ്ടെത്തിയത്. കൊവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതിന് പിന്നാലെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.

 പൂനെ വഴി

പൂനെയിലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓഫീസുമായാണ് വെതർ സ്റ്റേഷൻ ബന്ധിച്ചിട്ടുള്ളത്. ഒരോ അഞ്ച് മിനിറ്രിലും ഉപകരണങ്ങൾ താപനില, മഴ, അന്തരീക്ഷത്തിലെ ഊർപ്പത്തിന്റെ തോത് തുടങ്ങിയവ രേഖപ്പെടുത്തി പൂനെയിലേക്ക് നൽകും. ഇവ ക്രോഡീകരിച്ച് സംസ്ഥാന സ‌ർക്കാരിനുൾപ്പെടെ റിപ്പോ‌ർട്ടായി കൈമാറും. പൊതുജനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് രാജ്യത്തെമ്പാടുമുള്ള കാലാവസ്ഥാ വിവരങ്ങളറിയാം.

 ജില്ലയിൽ 7

എറണാകുളം ജില്ലയിൽ ഏഴ് വെതർ സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൂണ്ടി, കളമശേരി, ഓടക്കാലി, നോർത്ത് പറവൂർ,ഇടമലയാർ ഡാം, ആലുവ, മട്ടാഞ്ചേരി എന്നിവിടങ്ങളിലാണിത്. ജില്ലയുടെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ എറണാകുളത്തെ എല്ലാ പ്രദേശങ്ങളിലെയും താപനിലയും മറ്റും കൃത്യമായി അറിയാനാകും.

 ജില്ല- എണ്ണം

•തിരുവനന്തപുരം -8

• കൊല്ലം - 4

• പത്തനംതിട്ട -8

• ആലപ്പുഴ -4

• കോട്ടയം -4

• ഇടുക്കി -13

• എറണാകുളം -7

• തൃശൂർ - 7

• പാലക്കാട് -10

• മലപ്പുറം - 4

• കോഴിക്കോട് - 5

• വയനാട് - 7

• കണ്ണൂർ -8

• കാസർകോട് - 7

ഇനി നാല് വെതർ സ്റ്റേഷനുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്. ഇത് ഉടൻ പൂർത്തിയാക്കും

സന്തോഷ്

ഡയറക്ടർ

കലാവസ്ഥാ നിരീക്ഷണ കേന്ദ്രം