obi

കാലടി: അഞ്ച് പതിറ്റാണ്ടുകാലം കാലടിയിൽ പാരമ്പര്യ- ആയുർവേദ, വിഷ ചികിത്സാ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന വൈദ്യർ എൻ.എസ്. അയ്യപ്പൻ നടേപ്പിള്ളിക്ക് നാടിന്റെ അന്ത്യാഞ്ജലി. സാധാരണ കുടുംബത്തിൽ ജനിച്ച വൈദ്യർ പഠനശേഷം തന്റെ ഇച്ഛാശക്തികൊണ്ടുമാത്രം നേടിയെടുത്തതാണ് ആയുർവേദ ചികിത്സാ വൈദഗ്ദ്ധ്യം. തുടർന്ന് വിഷ വൈദ്യചികിത്സയിലും പ്രാവീണ്യം നേടി.

മറ്റൂരിൽ ഏകദേശം നാല്പത്തിയഞ്ച് വർഷം മുമ്പ് തുടങ്ങിയ നടേപ്പിള്ളി ഫാർമസിയിലൂടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് ചികിത്സ നൽകിയത്. വിഷചികിത്സ നൽകിയത് അൻപതിനായിരത്തിൽ അധികംപേർക്കും. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നായി ഏത് സമയത്തും വൈദ്യരെ കാണാൻ രോഗികൾ ദിനംപ്രതി എത്തിയിരുന്നു. രോഗികളെ പിഴിഞ്ഞ് പണം കൈപ്പറ്റുന്ന രീതി വൈദ്യർ സ്വീകരിച്ചിരുന്നില്ല. രോഗി കൊടുക്കുന്ന തുക മാത്രമാണ് വൈദ്യർ പ്രതിഫലമായി വാങ്ങിയിരുന്നത്. പൈസ ഇല്ലെങ്കിലും രോഗികൾക്ക് ചികിത്സ ലഭിച്ചിരിക്കും. ചികിത്സാ മികവിന് നിരവധി പുരസ്കാരങ്ങൾ തേടിയെത്തുമ്പോഴും വൈദ്യർ അതിലൊന്നും അഭിരമിച്ചില്ല. അഖില കേരള പാരമ്പര്യ വൈദ്യ ഫെഡറേഷൻ പുരസ്കാരം, കേരള ക്ഷേത്ര സംരക്ഷണ സമിതി പുരസ്കാരം, ഷൊർണൂർ ആയുർവേദ സമാജം മെഡിക്കൽ കോളേജ് പുരസ്കാരം, കാലടി എസ്. എൻ.ഡി.പി ശാഖ യോഗ പുരസ്കാരം, കാലടി മഹാശിവരാത്രി ആഘോഷസമിതി പുരസ്കാരം, കേരള പുലയർ മഹാസഭ പുരസ്കാരം, സഫ്ദർ ഹാഷ്മി കലാസമിതി പുരസ്കാരം, മറ്റൂർ നീലകുളങ്ങര ദേവി ക്ഷേത്ര ട്രസ്റ്റ് പുരസ്കാരം, എറണാകുളം ജില്ലാ പഞ്ചായത്ത് നാട്ട് വൈദ്യശാസ്ത്ര പുരസ്കാരം , കാലടി ഫാർമേഴ്സ് ബാങ്ക് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. മറ്റൂരിലെ വ്യാപാരി വ്യവസായി മുൻ സ്ഥാപക പ്രസിഡന്റായിരുന്നു. 1982 മുതൽ അഖില കേരള വൈദ്യ ഫെഡറേഷന്റെ സ്ഥാപക നേതൃത്വത്തിലും അംഗത്വംവഹിച്ചുവന്നു. ഭാര്യ: ഭവാനി. മക്കൾ: രാജേഷ് (യു.കെ ) ഡോ.രാജേന്ദ്രൻ (മെഡിക്കൽ ഓഫീസർ ഗവ. ആയുർവേദ ഡിസ്‌പെൻസറി,പുതിയേടം), രഘു (യു.എസ് ) മരുമക്കൾ: ജിനിമോൾ (യു.കെ) മഞ്ജു (അദ്ധ്യാപിക, അനിത വിദ്യാലയം താന്നിപ്പുഴ) മിലി (നേഴ്സ്, യു.എസ്).