
ചോറ്റാനിക്കര: ഇടക്കാട്ടുവയൽ ഗുരുദേവ ക്ഷേത്രത്തിന്റെ മുകളിലേക്ക് ചാഞ്ഞ് അപകട ഭീതി ഉയർത്തി ഇലക്ട്രിക് പോസ്റ്റ്. ആരക്കുന്നം കെ.എസ്.ഇ.ബി യുടെ പരിധിയിൽ വരുന്ന 11 കെ.വി ഇലക്ട്രിക് പോസ്റ്റാണ് ഭീതിയുയത്തി നിൽക്കുന്നത്.
ക്ഷേത്രത്തിന്റെ മേൽക്കൂരയുടെ ഷീറ്റുകൾ പോസ്റ്റിന്റെ ഭാരം കൊണ്ട് വളഞ്ഞു പോയി. ജീവനക്കാരും സന്ദർശകരും ഭീതിയോടെയാണ് ദിനങ്ങൾ തള്ളിനീക്കുന്നത്. ക്ഷേത്ര മതിലിനോട് ചേർന്നു നില്ക്കുന്ന ഈ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുകയോ നിവർത്തി പുന:സ്ഥാപിക്കുകയോ ചെയ്യണമെന്ന് ക്ഷേത്രത്തിന്റെയും എസ്.എൻ.ഡി.പിയുടെയും ഭാരവാഹികൾ കെ.എസ്.ഇ.ബി.യെ പല തവണ അറിയിച്ചെങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും കെ.എസ്.ഇ.ബി.യുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ബോർഡിന്റെ അനാസ്ഥക്കെതിരെ നാട്ടുകാരും അമർഷത്തിലാണ്.