
കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ തീം മ്യൂസിക് പ്രകാശനം ചെയ്തു. ചലച്ചിത്രതാരം സംയുക്ത മേനോൻ പ്രകാശനം നിർവഹിച്ചു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുത്തൂറ്റ് ഫിനാൻസ് ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗീസ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ് . രാജ്‌മോഹൻ നായർ, ഡോ. ജുനൈദ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
ആകാശത്തോളം പറന്ന് നടക്കാൻ, സ്വാതന്ത്ര്യം നമ്മൾക്കെകും ചിറകുകൾ വേണം... എന്ന് തുടങ്ങുന്ന ഗാനം എഴുതിയത് ശശികല മേനോനാണ്. ആര്യ ദയാലാണ് ആലപിച്ചത്. ആദിൽ ഹൈദ്രോസാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള തീം മ്യൂസിക് സംവിധാനം ചെയ്തത്.
ആഗസ്റ്റ് 31 ന് നടക്കുന്ന കപ്പ് ഒഫ് ലൈഫ് പരിപാടിക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പൊതുജനങ്ങൾക്ക് www.cupoflife.net എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
മുത്തൂറ്റ് ഫിനാൻസിന്റെ സഹകരണത്തോടെഎറണാകുളം ജില്ലാ ഭരണകൂടം, ഐ.എം.എ കൊച്ചിൻ എന്നിവയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.