
കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല അദാലത്ത് 'ജനസഭ' സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലും പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹരിക്കാനുമായി നടക്കുന്ന അദാലത്താണ് ജനസഭ. പ്രഥമ അദാലത്തും മണ്ഡലംതല ഉദ്ഘാടനവും ഒക്ടോബർ ഒന്നിന് തിരുവാണിയൂർ പഞ്ചായത്തിലെ സെന്റ് ഫിലോമിനാസ് സ്‌കൂളിൽ നടക്കും. തിരുവാണിയൂർ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായുള്ളവർക്ക് 17 മുതൽ സെപ്റ്റംബർ 3 വരെ പരാതികൾ തിരുവാണിയൂർ പഞ്ചായത്തിലും എം.എൽ.എ ഓഫീസിലും നൽകാം.
പരാതികൾ കൊടുക്കുന്നവർ അനുബന്ധ രേഖകളും സമർപ്പിക്കണം. പൊതുമരാമത്ത്, പഞ്ചായത്ത്, വാട്ടർ അതോറിട്ടി, വിദ്യാഭ്യാസം, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ്, ആരോഗ്യം, ജലസേചനം, ലൈഫ് മിഷൻ, മലിനീകരണം, പട്ടികജാതി, വ്യവസായം,ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ പങ്കെടുക്കും. കേരള ലീഗൽ സർവീസ് അതോറിട്ടിയും വനിതാ കമ്മിഷനും അദാലുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് എം.എൽ.എ ഓഫീസുമായി ബന്ധപ്പെടണം. ജനസഭയുടെ ലോഗോ പ്രകാശനം എം.എൽ.എ നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് എന്നിവർ പങ്കെടുത്തു. എം.എൽ.എ ഓഫീസ് നമ്പർ: 0484 2998788