കൊച്ചി: മെട്രോ നഗരത്തിന്റെ ചിരകാല സ്വപ്നമായ അറ്റ്‌ലാന്റിസ് റയിൽവേ ഫ്ളൈഓവർ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാർ 40 കോടി അനുവദിച്ചു. 2015 ൽ 2.5 ഏക്കർ സ്ഥലമേറ്റെടുക്കാൻ 77 കോടിയോളം രൂപ അനുവദിച്ചിരുന്നു. ആ തുക മതിയാകാതെ വന്നതിനാലാണ് വീണ്ടും തുക ആവശ്യപ്പെട്ടത്.
നിലവിൽ അനുവദിച്ചിരിക്കുന്ന 40 കോടി രൂപ 1.5 ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്നതിനും അതിലെ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി ചെലവഴിക്കും. സ്ഥലമേറ്റെടുത്ത് പാലം പണി പൂർത്തിയാക്കേണ്ട ചുമതല ആർ.ബി.ഡി.സി.കെയ്ക്കാണ്. ആർ.ബി.ഡി.സി.കെയ്ക്കായി സ്ഥലമേറ്റെടുത്തു നൽകേണ്ടത് റവന്യൂ വകുപ്പാണ്.
സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ആർ.ബി.ഡി.സി.കെ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു
ഫണ്ട് കിഫ്ബി വക
കിഫ്ബി അനുവദിച്ച 89.77 കോടി ചെലവഴിച്ചാണ് നിർമ്മാണം. എറണാകുളം, എളംകുളം വില്ലേജുകളിലായി
1.5 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കേരള വോളന്ററി ഹെൽത്ത് സർവീസ് പദ്ധതി പ്രദേശത്ത് സാമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് കളക്ടർക്ക് സമർപ്പച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകിയത്. സ്ഥലമുടമകൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകും. പദ്ധതി കൊച്ചി നഗരത്തിനാകെ പ്രയോജനകരമാകുമെന്ന് വിദഗ്ദ്ധസമിതി കണ്ടെത്തിയിരുന്നു. പ്രദേശത്തുള്ള ഭൂ ഉടമകളല്ലാത്ത താമസക്കാരെ പുനരധിവസിപ്പിക്കാൻ കോർപ്പറേഷൻ മുൻകൈ എടുക്കണമെന്ന് സമിതി നിർദേശിച്ചു. ഇവർക്ക് ലൈഫ് മിഷനിൽ മുൻഗണന നൽകണം.
എം. ജി റോഡിനെയും പനമ്പിള്ളി നഗറിനെയും ബന്ധിപ്പിച്ചാണ് ഫ്ളൈഓവർ നിർമ്മിക്കുന്നത്. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ പ്രദേശമാണ് അറ്റ്‌ലാന്റിസ് ജംഗ്ഷൻ. ദിവസവും 19,000 കാറുകൾ ഈവഴി കടന്നുപോകുന്നുവെന്നാണ് വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് .
പറഞ്ഞുതുടങ്ങിയത് 2008ൽ
2008ലെ 'ജനറം' പദ്ധതിയിൽ അറ്റ്ലാന്റിസ് ഫ്ളൈഓവർ ഉൾപ്പെടുത്തിയെങ്കിലും സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 2010ൽ പദ്ധതിയുടെ കാലാവധി കഴിഞ്ഞു. മൂന്നേക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. പിന്നീട് 'ഫാസ്റ്റ് ട്രാക് അർജൻസി' ക്ലോസ് വച്ച് സ്ഥലം എടുക്കാൻ തീരുമാനിച്ചു. സ്ഥലമേറ്റെടുക്കുന്നതിനായി സർക്കാർ 48 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, പൊന്നുരുന്നി റെയിൽവേ ഓവർബ്രിഡ്ജ് പണിയുന്നതിന് തുക വേണ്ടിവന്നപ്പോൾ അറ്റ്‌ലാന്റിസിന് നൽകിയ ഫണ്ടിൽ നിന്ന് ആറര കോടി ഇതിലേക്ക് മാറ്റിച്ചെലവഴിച്ചു.
പിന്നീട് പലവട്ടമായി സർക്കാർ ഫണ്ട് നൽകിയിരുന്നു. തുടർന്ന് പല ചർച്ചകൾക്കൊടുവിൽ എം.ജി. റോഡിനോടു ചേർന്ന് രണ്ടര ഏക്കർ ഏറ്റെടുത്തു. അതിനുപുറമെയാണ് ഇപ്പോൾ 1.5 ഏക്കർ കൂടി ഏറ്റെടുക്കുന്നത്.
കുരുക്കഴിയും
തേവര ജംഗ്ഷൻ, എം.ജി. റോഡ്, പണ്ഡിറ്റ് കറുപ്പൻ റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ളൈഓവർ സഹായിക്കും. പനമ്പിള്ളി നഗർ, കടവന്ത്ര, തേവര എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാം.