
ആലങ്ങാട്: കാർഷിക വിളകളുടെ ഫലപ്രദമായ സംസ്‌കരണത്തിനും വിനിയോഗത്തിനുമായി സംസ്ഥാനത്ത് 10 ഫുട് പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കർഷക ദിനാചരണങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്, സഹകരണ ബാങ്ക്, കർഷകരുടെ കൂട്ടായ്മ എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളമശേരി' കർമ്മ പരിപാടിയിൽ ഇതുവരെ 150 കാർഷിക ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു. വിളകളുടെ സംഭരണവും സംസ്‌കരണവും ഇതോടൊപ്പം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന കർഷകരെയും കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെയും മന്ത്രി ആദരിച്ചു. കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കുടുംബശ്രീ ഗ്രൂപ്പുകളുടെ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിളംബര ജാഥ നടന്നു.
തട്ടാംപടിയിൽ നടന്ന കർഷക ദിനാചരണത്തിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ജയശ്രീ ഗോപീകൃഷ്ണൻ, അനിൽകുമാർ, കെ.എസ്. ഷഹന, റംല ലത്തീഫ്, എ.എം. അലി, ടി.എ. മുജീബ്, കെ.എം ലൈജു, ജിൽഷ തങ്കപ്പൻ, ടി.കെ. അയ്യപ്പൻ, മോഹൻ കുമാർ, അബ്ദുൾ സലാം, സൂസൻ വർഗീസ്, മഞ്ജു അനിൽ തുടങ്ങിയവർ പങ്കെടുത്തു.
പാനായിക്കുളത്തു നടന്ന കർഷക ദിനാചരണത്തിൽ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് യോഗത്തിൽ അദ്ധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് കർഷകരെ ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, ജയശ്രീ ഗോപീകൃഷ്ണൻ, ലത പുരുഷൻ, പി.ആർ. ജയകൃഷ്ണൻ, സുനി സജീവൻ, വിൻസന്റ് കാരിക്കശേരി, കൃഷി ഓഫീസർ ചിന്നു ജോസഫ് കാട്ടൂർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പങ്കെടുത്തു.