
കൊച്ചി: ഒരു കോടിയിലേറെ രൂപയുടെ ഗൃഹോപകരണങ്ങൾ സമ്മാനവുമായി ഡാറ്റ സ്മാർട്ട് ഫെസ്റ്റ് ഓണം 2022ന് തുടക്കമായി. ഡീലേഴ്‌സ് അസോസിയേഷൻ ഒഫ് ടിവി ആൻഡ് അപ്ലയൻസസ് (ഡാറ്റ) കേരളയുടെ 25-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഫെസ്റ്റ്.
ഡിസംബർ 31വരെ നീളുന്ന സമ്മാനപദ്ധതിയിൽ ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിലൂടെ കാറുകളും ബൈക്കുകളും സമ്മാനമായി ലഭിക്കും. എക്‌സറ്റൻഡഡ് വാറന്റി, കമ്പനി ഓഫുകൾക്ക് പുറമെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ എന്നിവയുമുണ്ട്. അസോസിയേഷനിലെ 1400ൽപരം ഗൃഹോപകരണവിതരണക്കാരാണ് ഫെസ്റ്റിൽ പങ്കെടുക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ ബോബി ചെമ്മണൂർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എസ്. പ്രമോദ് അദ്ധ്യക്ഷനായി. വാർത്താസമ്മേളനത്തിൽ അബ്ദുൽ ഗഫൂർ എം., മത്തായി, കെ.ടി ഷാജി എന്നിവർ പങ്കെടുത്തു.