മൂവാറ്റുപുഴ: നഗരസഭ കയ്യാങ്കളി കേസിൽ വൈസ് ചെയർപേഴ്‌സൺ സിനി ബിജുവിനും കൗൺസിലർ ജോയ്‌സ് മേരി ആന്റണിക്കും മുൻ കൂർ ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നഗരസഭയിൽ വനിതാ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ഇവർക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺഗ്രസ് നഗരസഭാ കൗൺസിലർമാരായ പ്രമീള ഗിരീഷ്‌കുമാർ, വൈസ് ചെയർപേഴ്‌സൺ സിനി ബിജു, കൗൺസിലർ ജോയ്‌സ് മേരി ആന്റണി എന്നിവർ തമ്മിലാണ് നഗരസഭാ ഓഫീസിനുള്ളിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് കൈയാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചികത്സയ്ക്കുശേഷം പ്രമീള ഗിരീഷ്‌കുമാർ വീട്ടിലേക്ക് മടങ്ങി.പൊലീസ് അറസ്റ്റ് ഭയന്ന് ജോയിസും സിനിയും സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും മുൻ കൂർ ജാമ്യഅപേക്ഷ സെക്ഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈകോടതിയാണ് ഇന്നലെ മുൻ കൂർ ജാമ്യം അനുവദിച്ചത്.