k-con

ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി യോഗത്തിൽ നിന്ന് അംഗങ്ങളായ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡൊമിനിക് കാവുങ്കലും കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ഉന്നതധികാര സമിതി അംഗം പ്രിൻസ് വെള്ളറയ്ക്കലും ഇറങ്ങിപ്പോയി. തുടർന്ന് യോഗഹാളിന് മുന്നിൽ ഇരുവരും പ്ലക്കാർഡുകളേന്തി കുത്തിയിരിപ്പ് സമരം നടത്തി.

2011ൽ ജില്ലാശുപത്രിയായി ഉയർത്തിയെങ്കിലും ആവശ്യമായ നിയമനങ്ങൾ നടത്തിയിരുന്നില്ല. അൻവർ സാദത്ത് എം.എൽ.എയും ജില്ലാ പഞ്ചായത്തും നിരവധി തവണ ആരോഗ്യവകുപ്പ് മന്ത്രിമാരെ സമീപിച്ച് നിവേദനം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 23ന് ഇപ്പോഴത്തേ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലാശുപത്രിയിലെത്തിയപ്പോൾ ഒഴിവുകൾ ഉടൻ നികത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും നാലു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല.

വിഷയം ആശുപത്രി വികസന സമിതി യോഗത്തിൽ ഉന്നയിച്ചപ്പോൾ ബന്ധപ്പെട്ടവരിൽ നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം നടത്തിയത്. ഡോക്ടർമാരെ താത്കാലികമായി മറ്റ് ആശുപത്രികളിൽ സേവനമനുഷ്ഠിക്കാൻ അനുവതിക്കരുതെന്നും ഡൊമിനിക് കാവുങ്കൽ ഡി.എം.ഒയോട് ആവശ്യപ്പെട്ടു.


മോർച്ചറിയ്ക്ക് മുന്നിൽ

കിറ്റ് വില്പനയെന്ന് പരാതി

മോർച്ചറിയിൽ നിന്ന് മൃതദ്ദേഹങ്ങൾ ഏറ്റുവാങ്ങാൻ വരുന്ന ബന്ധുക്കളിൽ നിന്ന് 'ഹാൻഡ് ക്ലീനിംഗ് കിറ്റ്' എന്ന പേരിൽ നിർബന്ധിത പണപ്പിരിവ് നടക്കുന്നതായി ജില്ലാശുപത്രി വികസന സമിതി യോഗത്തിൽ പരാതി.

കൈ തുടയ്ക്കാൻ തുണി, രണ്ട് പിയേഴ്‌സ് സോപ്പ്, ഡിയോഡറന്റ് എന്നിവയടങ്ങുന്ന കിറ്റാണ് വിൽക്കുന്നത്. മൃതദ്ദേഹത്തിന് വേണ്ടി ജില്ലാ ആശുപത്രി മോർച്ചറിക്ക് മുന്നിൽ കാത്തുനിൽക്കുന്നവരിൽ നിന്ന് 1200 രൂപ ഈടാക്കിയാണ് കിറ്റ് നൽകുന്നതെന്ന് പ്രിൻസ് വെള്ളറയ്ക്കൽ ആരോപിച്ചു. വില്പന നടത്തുന്നത് സ്വകാര്യ വ്യക്തിയാണെന്നും ആശുപത്രിക്ക് പങ്കില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.