കൊച്ചി: സ്റ്റോപ്പിൽ നിറുത്താത്തതിന്റെ ദേഷ്യത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി ബസിന്റെ ഡ്രൈവറെ ആക്രമിച്ച് യുവാവ്. യാത്രക്കാർ ഭീതിയിലായതോടെ ബസ് നടുറോഡിൽ നിറുത്തിയിട്ടു. ഇന്നലെ രാവിലെ 10.14 ഓടെ എറണാകുളം പള്ളിമുക്കിലാണ് നാടകീയ സംഭവങ്ങൾ. കായംകുളം ഗുരൂവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ബിമലിന് നേരെയാണ് (45) അക്രമണമുണ്ടായത്. കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. സംഭവത്തിൽ യാത്രക്കാരനായ ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി മുഹമ്മദ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കായംകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് പുലർച്ചെ പുറപ്പെട്ട ബസിലെ യാത്രക്കാരനായിരുന്നു അൻവർ. എറണാകുളത്തെ ഒരു സ്വകാര്യ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായ ഇയാൾക്ക് രവിപുരം ബസ് സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ കപ്പൽശാലയ്ക്ക് മുന്നിലുണ്ടായ ട്രാഫിക്ക് ബ്ലോക്ക് കാരണം രവിപുരത്ത് ഇറക്കേണ്ടിയിരുന്ന യാത്രക്കാർ കണ്ടക്ടറുടെ അഭ്യർത്ഥനമൂലം അവിടെയിറങ്ങി. യാത്ര തുടർന്ന ബസ് രവിപുരത്ത് നിറുത്തിയില്ല. ഇതോടെ ക്ഷുഭിതനായ അൻവർ കണ്ടക്ടറോടും ഡ്രൈവറോടും തട്ടിക്കയറി.
ബസ് പള്ളിമുക്കി സിഗ്നലിൽ നിന്ന് മുന്നോട്ട് നീക്കുന്നതിനിടെ ഇയാൾ ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ബഹളം വച്ചെങ്കിലും അൻവർ പിന്തിരിഞ്ഞില്ല. തുടർന്ന് ഡ്രൈവർ ബസ് റോഡിൽ നിറുത്തിയിട്ടു.
വിവരമറിയിച്ചത് അനുസരിച്ച് സൗത്ത് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരും യുവാവും തമ്മിൽ തർക്കമായി. അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തുപോയതാണെന്നാണ് അൻവറിന്റെ മൊഴിയെന്നാണ് അറിയുന്നത്. ഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അതേസമയം, നിരവധിപ്പേരുടെ ജീവൻവച്ച് കളിച്ച യുവാവിനെതിരെ കടുത്ത ശിക്ഷ നൽകണമെന്ന് മറ്റുയാത്രികർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ നമ്പറുൾപ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സി.സി ടിവി ദൃശ്യം ശേഖരിച്ച് വരികയാണ്.