കൊച്ചി: മഴ നീങ്ങി വെയിൽ തെളിഞ്ഞതോടെ റോഡിലെ കുഴികൾ അടയ്ക്കാൻ കൊച്ചി കോർപ്പറേഷൻ ശ്രമം തുടങ്ങി. ടാർ പാച്ചിംഗ്, വെറ്റ് മിക്സ് മാർഗങ്ങളിലൂടെയാണ് കുഴികൾ അടയ്ക്കുന്നത്. ഇടറോഡുകളിലെ അറ്റകുറ്റപ്പണികളും തീർത്തതായി കോർപ്പറേഷൻ അധികൃതർ പറഞ്ഞു.
കലൂർ സൗത്ത്, കതൃക്കടവ്, വടുതല വെസ്റ്റ്, അയ്യപ്പൻകാവ്, തട്ടാഴം എന്നിവിടങ്ങളിലാണ് ടാർ പാച്ചിംഗ് ചെയ്തത്. തൈക്കൂടം ബണ്ട് റോഡ്, പച്ചാളം, വടുതല ഈസ്റ്റ് എന്നിവിടങ്ങളിൽ ജോലികൾ പുരോഗമിക്കുന്നു. ഈയ്യാട്ടു ജംഗ്ഷൻ, ചിറ്റൂർ റോഡ്, മത്തായി മാഞ്ഞൂരാൻ റോഡ്, പീറ്റർ കൊറിയ റോഡ്, പച്ചാളം എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി.
റോഡ് നിർമ്മാണത്തിന്
പ്ളാൻ ഫണ്ട്
പ്ളാൻ ഫണ്ടിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച് നഗരത്തിലെ പ്രധാന റോഡുകൾ ബി.എം. ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയായി. കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.എം.ആർ.സി മികച്ച നിലവാരത്തിൽ ടാർ ചെയ്ത റോഡുകളും നവീകരിക്കും. ലൂർദ് ഹോസ്പിറ്റൽ റോഡ്, താന്നിക്കൽ കീർത്തിനഗർ റോഡ് എന്നിവയും മികച്ച നിലവാരത്തിൽ നവീകരിക്കും. മൂന്നു വർഷത്തെ ഗ്യാരന്റിയിലാണ് നിർമ്മാണം. ഗ്യാരന്റി കാലയളവിൽ അറ്റകുറ്റപ്പണിയുടെ ചുമതല കരാറുകാരനാണ്. റോഡു പണികൾ രാത്രിയിലാവും നടത്തുകയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികൾക്കായി പ്ളാൻ ഫണ്ടിൽ നിന്ന് 26 ലക്ഷം രൂപ വീതമാണ് ഓരോ ഡിവിഷനും അനുവദിച്ചിരിക്കുന്നത്.
റോഡു നവീകരണത്തിനായി
ചെലവഴിക്കുന്നത്
ലൂർദ് ഹോസ്പിറ്റൽ റോഡ് (40 ലക്ഷം )
ചിറ്റൂർ റോഡ്: (29.1 ലക്ഷം )
സെന്റ് ബെനഡിക്‌ട് റോഡ്: (13.1 ലക്ഷം)
സഹോദരൻ അയ്യപ്പൻ റോഡ് (65.45 ലക്ഷം)
ഏതാനും ചില കരാറുകാർ മാത്രമാണ് ബി.എം. ആൻഡ് ബി.സി പ്രവൃത്തികൾ ഏറ്റെടുക്കുന്നത്. നിലവിൽ എല്ലാ റോഡുകളുടെയും നിർമ്മാണകരാർ ഏറ്റെടുത്തിരിക്കുന്നത് ഒരേ കരാറുകാരനാണ്. സ്വഭാവികമായി ഇതു പ്രവൃത്തികളെ ബാധിക്കും. റോഡു പണികൾ മന്ദഗതിയിലാകാൻ പ്രധാന കാരണം ഇതാണ്. വർഷകാലത്തിനു മുമ്പ് അപ്രതീക്ഷിതമായി പെയ്ത പേമാരിയും റോഡു നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. അറ്റകുറ്റപ്പണികൾ തുടങ്ങാൻ പോലും കഴിഞ്ഞില്ല. കോർപ്പറേഷനിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ അടച്ചുകഴിഞ്ഞു.
മേയർ എം. അനിൽകുമാർ