നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ കരാർ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് നേതൃയോഗം സിയാൽ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിക്കാലത്ത് വെട്ടിച്ചുരുക്കിയ പ്രവൃത്തിദിനങ്ങൾ പൂർണമായി പുന:സ്ഥാപിക്കാത്ത മാനേജ്മെന്റ് നടപടിയിൽ യോഗം പ്രതിഷേധിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ജീമോൻ കയ്യാല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജോ തച്ചപ്പിള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. ആന്റണി ജോർജ്, റോബിൻ ജോർജ്, സീനാ ശശി, സുവർണ ഗോപി, ഷീജ, ഉമാദാസൻ എന്നിവർ സംസാരിച്ചു.