മൂവാറ്റുപുഴ: ആഗസ്റ്റ് ആദ്യവാരം മൂവാറ്റുപുഴ നഗരസഭാ ഓഫീസിൽ വച്ച് കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ആക്രമിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ച നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജുവിനും കൗൺസിലർ ജോയ്സ് മേരി ആന്റണിക്കും യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കൗൺസിലർമാർ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എയാണ് ഇരുവർക്കും വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് ജോയ്സ് മേരി ആന്റണി അറിയിച്ചു.