ആലുവ: റോഡിലെ മരണക്കുഴികൾ താണ്ടി സിനിമ കാണാനെത്തിയവർക്ക് സൗജന്യ ടിക്കറ്റ് നൽകി യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധം. കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ പോയി കേസ് കൊട്' എന്ന ചിത്രത്തിന്റെ റോഡിലെ കുഴികളെ പരാമർശിക്കുന്ന പരസ്യവാചകം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സി.പി.എം അനുകൂലികൾ സിനിമയ്ക്കെതിരെ രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായെത്തിയത്. പത്ത് പേർക്കാണ് യൂത്ത് കോൺഗ്രസ് സൗജന്യമായി സിനിമാ ടിക്കറ്റ് നൽകിയത്. പ്രതിഷേധ പരിപാടി നിയോജക മണ്ഡലം പ്രസിഡന്റ് ഹാസിം ഖാലിദ് ഉദ്ഘാടനം ചെയ്തു. കീഴ്മാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോണി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. താഹിർ ചാലക്കൽ, അനൂപ് ശിവശക്തി, ഷൈമോൻ, അസ്ഹർ, ഷാനവാസ്, സൽമാൻ എന്നിവർ സംസാരിച്ചു.