11

തൃക്കാക്കര: കാക്കനാട്ടെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട മലപ്പുറം അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ.സജീവ് കൃഷ്ണന്റെ (23) മൊബൈൽ ഫോൺ പ്രതി അർഷാദിന്റെ കൈയിൽ പൊലീസ് കണ്ടെത്തി.സജീവ് കൃഷ്ണന്റെ സുഹൃത്തുക്കളായ അർഷാദും, അശ്വന്തും ബുധനാഴ്ച കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പി​ടി​യിലായത്. ഈ സമയം അർഷാദിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് സജീവ് കൃഷ്‌ണന്റേത് ആയിരുന്നു.

ലഹരി മരുന്ന് കേസിൽ അർഷാദിനെയും അശ്വന്തിനെയും കാസർകോട് പൊലീസ് റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ കൊച്ചിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘമെത്തി കാസർകോട് മജിസ്ട്രേറ്റിന്റെ അനുമതിയോടെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കാസർകോട് നിന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ രാത്രിയോ മറ്റന്നാളോ ഇരുവരെയും കൊച്ചിലെത്തിക്കും. ഇവരുടെ കൈയ്യിൽ കണ്ടെത്തിയ മൂന്ന് ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രതികളെ സജീവ് കൃഷ്‌ണൻ കൊല്ലപ്പെട്ട ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

സജീവ് കൃഷ്‌ണനൊപ്പം ഫ്ലാറ്റിൽ താമസിച്ചിരുന്ന ആദിഷ്, ഷിബിൻ എന്നിവർ കസ്റ്റഡിയിലാണ്.

 മയക്ക് മരുന്ന് ഇടനിലക്കാരൻ?

സജീവ് കൃഷ്‌ണൻ മയക്കുമരുന്ന് വില്പന സംഘത്തിലെ ഇടനിലക്കാരനായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു. ഇൻഫോപാർക്കിന് സമീപത്തെ സ്റ്റാർ ഹോട്ടലിലെ ജീവനക്കാരനായിരുന്ന സജീവ് ജോലി രാജിവച്ച് വിദേശത്ത് പോകാനുളള തയ്യാറെടുപ്പിനിടെയാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കം കൊലയിലേക്ക് നയിച്ചിരിക്കാമെന്നാണ് നിഗമനം.