കൊച്ചി: നാടും നഗരവും അമ്പാടിയാക്കി നഗരവീഥിയിൽ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. നിശ്ചല ദൃശ്യങ്ങളും ഉറിയടിയും നൃത്തനൃത്യങ്ങളും ശോഭാ യാത്രയ്ക്ക് മിഴിവേകി. ശോഭായാത്ര വീക്ഷിക്കാൻ വൻ ജനാവലിയാണ് വിവിധയിടങ്ങളിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ട് വ‌ർഷവും കൊവിഡ് ഇല്ലാതാക്കിയ ആഘോഷം ഇത്തവണ പതിവിലും ഗംഭീരമാക്കിയാണ് നടത്തിയത്. നടന്നുതളർന്ന ഉണ്ണിക്കണ്ണന്മാരിൽ പലരും അമ്മമാരുടെ തോളിൽ ഉറങ്ങിയായി പിന്നീടുള്ള യാത്ര. ചിലർ വികൃതി കാട്ടാനും മറന്നില്ല. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ നൂറ്റി നാൽപത് കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടന്നു. പതിനായിരത്തിലധികം രാധാകൃഷ്ണ വേഷമണിഞ്ഞ ബാലിക ബാലന്മാരുടെ നേതൃത്വത്തിൽ നടന്ന ശോഭായാത്രകളിൽ ആയിരകണക്കിന് ശ്രീകൃഷ്ണ ഭക്തർ വാദ്യസംഘങ്ങളുടെയും ഭജനാസംഘങ്ങളുടെയും അകമ്പടിയോടെ ഗ്രാമനഗരികളിലെ പ്രധാനക്ഷേത്രങ്ങളിലെത്തി.

എറണാകുളം നഗരത്തിൽ പരമാര ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്ര വൈറ്റില ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ, അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ബാലഗോകുലം ജില്ലാ രക്ഷാധികാരിയും പ്രമുഖസാഹിത്യകാരിയുമായ ശ്രീകുമാരി രാമചന്ദ്രൻ, എറണാകുളം തിരുമല ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര മുൻ പി.എസ്.സി ചെയർമാനും ഭാരതീയ ജനതാപാർട്ടി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ, രവിപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര രവിപുരം ശരാദാശ്രമം പ്രവ്രജിക സുമേദ പ്രാണ എന്നിവർ ശ്രീകൃഷ്ണവിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം ചെയ്തു.

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷ സമിതിയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ ശോഭായാത്ര ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തിലെത്തി. തുടർന്ന് ദീപാരാധനയോടെ സമാപിച്ചു.