മരട്: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം മരട് നഗർ പരിധിയിൽ കുമ്പളം, പനങ്ങാട്, നെട്ടൂർ, കുണ്ടന്നൂർ, മരട് പ്രദേശങ്ങളിൽ ശോഭായാത്രകൾ നടന്നു. ശോഭായാത്രകൾ സമാപിച്ച ക്ഷേത്രങ്ങളിൽ ഉറിയടിയും പ്രസാദവിതരണവും ഉണ്ടായിരുന്നു.
കുമ്പളം തെക്ക് അയ്യപ്പക്ഷേത്രത്തിൽ നിന്നും കുമ്പളം വടക്കേ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ കുമ്പളം സെന്ററിൽ സംഗമിച്ച് കുമ്പളം കാവിൽ ക്ഷേത്രത്തിൽ ദീപാരാധനയോടെ സമാപിച്ചു.
പനങ്ങാട് ശ്രീവ്യാസപുരം മഹാദേവ ക്ഷേത്രം, ചേപ്പനം കോതേശ്വരക്ഷേത്രം, മുണ്ടേമ്പിള്ളിൽ മഹാവിഷ്ണു ക്ഷേത്രം, നടുത്തുരുത്തിൽ മഹാഭദ്രകാളിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ ഉദയത്തുംവാതിൽ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ സമാപിച്ചു.
നെട്ടൂർ നോർത്ത് കുമാരപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിലെത്തി എസ്.എൻ ജംഗ്ഷൻ, ധന്യ ജംഗ്ഷൻ വഴി തട്ടേക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
കുണ്ടന്നൂർ നോർത്ത് ശ്രീഭഗവൽ സഹായസംഘം ദേവിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര വാണിശ്ശേരി ജംഗ്ഷൻ, എൻ.എഫ്.ജോസഫ് റോഡുവഴി കുണ്ടന്നൂർ ജംഗ്ഷനിൽ പ്രവേശിച്ച് ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിലൂടെ കുണ്ടന്നൂർ - ചിലവന്നൂർ റോഡുവഴി കുണ്ടന്നൂർ ശ്രീമഹാദേവക്ഷേത്രത്തിൽ സമാപിച്ചു.
മരട് തിരുഅയിനി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ജയന്തി റോഡ് വഴിയും പൂണിത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര മെയിൻ റോഡ് വഴിയും ബി.എം.എസ് ജംഗ്ഷനിൽ സംഗമിച്ച് മെയിൻ റോഡ് വഴി മരട് കൊട്ടാരം ഭഗവതിക്ഷേത്രത്തിൽ സമാപിച്ചു.