* ഇരയെ വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണം

കൊച്ചി: പോക്സോ കേസ് പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്സോ കോടതി വ്യക്തമാക്കി. 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി, പള്ളുരുത്തി സ്വദേശിയായ 25കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. 2018 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ബലാത്സംഗം ചെയ്തെന്നാണ് കേസ്. രണ്ട് മാസത്തിനു ശേഷം വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിസ്താരത്തിനിടെ പെൺകുട്ടിയും അമ്മയും പ്രതിക്കനുകൂലമായി കൂറുമാറിയിരുന്നു. ഡി.എൻ.എ പരിശോധനാ ഫലത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജി കെ. സോമൻ ശിക്ഷ വിധിച്ചത്. പ്രതി കുറ്റകൃത്യം ചെയ്ത സമയം 22 വയസ് മാത്രമായിരുന്നു പ്രായം എന്നതും മറ്റു സാഹചര്യങ്ങളും പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.